Menu Close

‘കേര’ പദ്ധതിയുമായി ശില്പശാല ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ കാർഷിക വികസന – കർഷക ക്ഷേമം, വ്യവസായ വാണിജ്യം, സംസ്‌ഥാന ആസൂത്രണ ബോർഡ്, മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പുകളിലേയും, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ തുടങ്ങിയ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി 2025 ജൂലൈ 28, 29, 30, 31 ആഗസ്‌റ്റ് 1 തീയതികളിലായി തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ വച്ച് ശില്പശാല നടക്കുന്നു. ശില്പശാലയുടെ ഉദ്ഘാടനം ഇന്ന് (30.07.2025) ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു. കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ (KERA- Kerala Climate Resilient Agri-Value Chain Modernization Project). കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കഴിയുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക. കാർഷികോത്പ്പന്നങ്ങളുടെ മൂല്യവർദ്ധനവും വിപണനവും മെച്ചപ്പെടുത്തുക. കാർഷിക മേഖലയിലെ സംരംഭകത്വം വളർത്തുക, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക സഹായങ്ങൾ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.