വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് തിരുവനന്തപുരത്തു നടന്ന നാലാമത് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് വിഷന്‍ ആന്റ് മിഷന്‍ അസംബ്ലിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. റവന്യൂവകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഇടുക്കി – വയനാട് ജില്ലാ സംയുക്തറവന്യു അസംബ്ലിയിലാണ് ജില്ലയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്. മന്ത്രിമാരായ ഒ.ആര്‍.കേളു, റോഷി അഗസ്റ്റിൻ എന്നിവരടക്കം രണ്ടു ജില്ലകളില്‍ നിന്നുള്ള എംഎല്‍എമാരും കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഭൂമിയുടെ അവകാശം പതിച്ചുകൊടുക്കാന്‍ വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി ഒ.ആര്‍.കേളു റവന്യുഅസംബ്ലിയില്‍ അറിയിച്ചു. എം.എല്‍.എ മാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ധീഖ് എന്നിവരും ജില്ലയില്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരിയിലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടത്തണം. കേരളത്തിന്റെ ഭൂമി മധ്യപ്രദേശിലുമുള്ള സാഹചര്യത്തില്‍ ഇവ പരസ്പരം കൈമാറ്റംചെയ്യാനുളള ഇടപെടുകള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും അസംബ്ലിയില്‍ ആവശ്യമുയര്‍ന്നു. സുഗന്ധഗിരി പ്രൊജക്ടുഭൂമിയിലെ പട്ടയപ്രശ്‌നത്തിന് പൂര്‍ണ്ണമായ പരിഹാരം കാണണമെന്ന് ടി സിദ്ധീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാസ്, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ.എ കൗശിഗന്‍, ജോയിന്റ് കമ്മിഷണര്‍ എ ഗീത, സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ റവന്യു അസംബ്ലിയില്‍ പങ്കെടുത്തു.