Menu Close

അനധികൃത മത്സ്യബന്ധനം: തെരിവലകള്‍ പൊളിച്ചുനീക്കി

വയനാട്, കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്കുകുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ടു തെരിവലകളാണ് അസി.ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതില്‍ ദോഷം ചെയ്യുന്ന ഇത്തരം രീതികളില്‍നിന്ന് പിന്തിരിയണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബു അറിയിച്ചു. ജീവനക്കാരായ രാജേഷ്, സരീഷ്, നിസാര്‍, ഫായിസ്, സിവില്‍ പോലിസ് ഓഫിസര്‍ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.