കേരളത്തിന്റെ പരിസ്ഥിതിയും സൗന്ദര്യവും മാത്രമല്ല, കാര്‍ഷികകേരളത്തിന്റെ ഫലപുഷ്ടിയും ഇല്ലാതാക്കുന്നതാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. ഇതില്ലാതാക്കാന്‍ ബോധവത്കരണത്തോളം നിയമപാലനവും കടുത്ത ശിക്ഷയും ആവശ്യമാണ്. എന്നാല്‍ അതിനേക്കാളേറെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ പങ്കാളിത്തം. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച ഒരു പ്രഖ്യാപനം പൊതുജവപങ്കാളിത്തത്തില്വഴിത്തിരിവുണ്ടാക്കി.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികമായി ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. വിവരം കൈമാറിയാൽ 7 ദിവസത്തിനകം തീർപ്പുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികത്തുക എത്തും.
ഈ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് കൈവന്നിരിക്കുന്നത്. കേരളത്തിലുടനീളം നിരവധി പേരാണ് ഈ പാരിതോഷികം ഇതിനകം കരസ്ഥമാക്കിയത്. മാലിന്യം വലിച്ചെറിയുന്നവരെ വലയിലാക്കാന്‍ മൊബൈല്‍ ക്യാമറ ഓണാക്കി പലരും നമുക്കുചുറ്റും ഉണ്ടെന്നാണ് ഇതു കാണിക്കുന്നത്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മാലിന്യം തള്ളിയ രണ്ട് വ്യക്തികള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി വന്നു. അലക്ഷ്യമായി മാലിന്യം തള്ളിയ ഇവരില്‍ നിന്ന് 20,000 രൂപ ഗ്രാമപഞ്ചായത്ത് പിഴയീടാക്കി. ഒരാള്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറിയിച്ചവര്‍ക്ക് നിശ്ചിതതീയതിയില്‍ പാരിതോഷികമെത്തും. അതിരപ്പിള്ളിയിലെ പിള്ളപ്പാറയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവിവരം അതിരപ്പിള്ളി പഞ്ചായത്ത് അധികൃതരെ അറിയിച്ചയാൾക്ക് 2500 രൂപ ലഭിച്ചു. നിയമ വിരുദ്ധമായി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് എറണാകുളം ജില്ലയിൽ കഴിഞ്ഞ മാസങ്ങളില്‍ ഈടാക്കിയത് 58,30,630 രൂപയാണ്. ഇത്തരത്തില്‍ ജനങ്ങളും അധികൃതരും ജാഗ്രത തുടര്‍ന്നാല്‍ മാലിന്യം വലിച്ചെറിയുന്ന ദുശ്ശീലത്തിന് താമസിയാതെ വിരാമമാകുമെന്നാണ് കരുതുന്നത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കുറഞ്ഞത് ₹ 250 യാണ് പിഴ. ജലാശയങ്ങളിൽ ₹ 5,000 മുതൽ ₹ 50,000 വരെയും. ₹ 1000 പിഴ ഈടാക്കിയാൽ ₹ 250 ഉം ₹ 50,000 പിഴ ഈടാക്കിയാൽ പരമാവധി ₹ 2500 ഉം അറിയിച്ചയാള്‍ക്ക് പാരിതോഷികമായി ലഭിക്കും. അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് സെക്രട്ടറിമാരെയാണ് അറിയിക്കേണ്ടത്.