Menu Close

വന്യജീവി സംരക്ഷണ ഭേദഗതി നിയമത്തില്‍ പരിശീലനം

വനം വകുപ്പിലെ മദ്ധ്യമേഖലയുടെ കീഴില്‍വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്യജീവി സംരക്ഷണ ഭേദഗതി നിയമം 2022 സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മദ്ധ്യമേഖലാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി മദ്ധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍. ആടലരശന്‍ ഉദ്ഘാടനം ചെയ്തു. വനം വിജിലന്‍സ് വിഭാഗം എറണാകുളം ഡിവിഷനിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മനു സത്യന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
നിലവിലുണ്ടായിരുന്ന നിയമത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും, പുതുതായി ചേര്‍ക്കപ്പെട്ടിട്ടുളള വിഷയങ്ങളെക്കുറിച്ചും ക്ലാസില്‍ പ്രതിപാദിച്ചു. മദ്ധ്യമേഖലയ്ക്കു കീഴിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ക്ലാസ്സില്‍ പങ്കെടുത്തു.
വന്യജീവി സംരക്ഷണ ഭേദഗതി നിയമം കൂടുതല്‍ കാര്യക്ഷമമായും ജനോപകാരപ്രദവുമായി നടപ്പിലാക്കുന്നതിന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ മുതല്‍ ഫോറസ്റ്റ് വാച്ചര്‍മാര്‍ വരെയുളള സംരക്ഷണ വിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തി ഈ വർഷം ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ഘട്ടംഘട്ടമായുളള പരിശീലന പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പരിശീലന പരിപാടിയുടെ നോഡല്‍ ഓഫീസറായി മദ്ധ്യമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റൻ്റ് സി.ഒ. നിബു കിരണിനെ നിയോഗിച്ചതായും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.