Menu Close

മിത്രാനിമാവിരയും വാമും ഇപ്പോള്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തിലുണ്ട്

കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ മിത്രനിമാവിര ലായനി, പിജിപിആര്‍ മിക്സ്-1 (PGPR MIX1), പി ജി പി ആര്‍ മിക്സ് -2 (PGPR MIX2), വാം (Vesicular Arbuscular Mycorrhiza) എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ 8547675124 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക. തെങ്ങ്/കവുങ്ങ് വിളകളിലെ വേരുതീനിപ്പുഴു, വാഴയിലെ തടതുരപ്പന്‍, മാണവണ്ട്, വെള്ളരിവര്‍ഗ്ഗവിളകളിലെ മത്തന്‍വണ്ട്, കശുമാവിലെ തടതുരപ്പന്‍, തക്കാളിയിലെ കായ്തുരപ്പന്‍ എന്നീ കീടങ്ങള്‍ക്കെതിരെ മിത്രനിമാവിരലായനി ഫലപ്രദമാണ്. വിളകളുടെ പോഷകലഭ്യതയ്ക്ക് സഹായകരമാകുന്ന ഒരു സൂക്ഷ്മാണു കൂട്ടായ്മയാണ് പി ജി പി ആര്‍ – മിക്സ്. വിളകള്‍ക്ക് ആവശ്യമായ പ്രധാനമൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഒരുമിച്ച് ഒറ്റപ്രയോഗത്തില്‍ ലഭിക്കുന്നു. പിജിപിആര്‍ മിക്സ് 1 ഉപയോഗിക്കുന്നതിലൂടെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനം കുറയ്ക്കാന്‍ സാധിയ്ക്കും. വിളകളെ ബാധിക്കുന്ന കുമിള്‍-ബാക്ടീരിയ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ള മിത്ര ബാക്റ്റീരിയകള്‍ അടങ്ങിയ മിശ്രിതമാണ് പിജിപിആര്‍ മിക്സ് 2. നെല്ലിന്റെ പോളരോഗം, ബാക്ടീരിയല്‍ ഇലകരിച്ചില്‍, ബ്ലാസ്റ്റുരോഗം, കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍രോഗം, വാഴയിലെ സിഗട്ടോക്ക, മാണയഴുകല്‍, പച്ചക്കറികളിലെ ഇലപ്പുള്ളിരോഗം, വഴുതനവര്‍ഗ്ഗവിളകളിലെ ബാക്ടീരിയവാട്ടം, തൈചീയല്‍, വെള്ളരി- പയര്‍ വര്‍ഗ്ഗവിളകളിലെ മൃദുരോമപ്പൂപ്പ് എന്നിവയ്ക്കെതിരെ ഫലപ്രദം. വിളകളുടെ വേരില്‍ ആവരണം പോലെ വളരുന്ന ഫോസ്ഫറസ് ലായക സൂക്ഷ്മാണുക്കളാണ് വെസിക്കുലാര്‍ അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ അഥവാ വാം (VAM). അലേയരൂപത്തിലുള്ള ഫോസ്ഫറസിനെ ലേയരൂപത്തിലാക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികളാണിവ. ജലത്തിന്റെയും ഫോസ്ഫറസ്, സിങ്ക്, ബോറോണ്‍ മുതലായ പോഷകങ്ങളുടെയും ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിളകളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വേരിലുണ്ടാകുന്ന അഴുകല്‍രോഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.