ആലപ്പുഴയിലെ തുറവൂര്‍ കരിനിലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാകളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനകം സംയുക്ത പരിശോധന നടത്തും. പൊലീസ്, കൃഷി, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ പാടശേഖരസമിതിയുടെ പ്രവര്‍ത്തനംകൊണ്ട് പഞ്ചായത്തുകളിലെ വയലുകളുടെ സമീപമുള്ള താമസക്കാര്‍ക്ക് ബണ്ട് അസ്വാഭാവികമായി മുറിക്കുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷത വഹിച്ചു.
പാടശേഖരക്കമ്മിറ്റി കണ്‍വീനര്‍മാരും പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായി. മുന്‍ ജില്ലാകളക്ടറുടെ നിലനില്‍ക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് വരുന്നതുവരെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന രീതിയില്‍ ഓരുവെള്ളം തുറന്നുവിട്ട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രവണത പാടശേഖരസമിതികള്‍ ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്നപക്ഷം കൃഷി ഓഫീസറുടെ മേല്‍നോട്ടത്തില്‍ പാടശേഖര സമിതികള്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും കൃഷി ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ പരസ്പരം സ്പര്‍ധ ഉണ്ടാകാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടേയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്. പാടശേഖരങ്ങളില്‍നിന്ന് അനധികൃതമായി മത്സ്യം പിടിക്കുന്നവരുണ്ടെങ്കില്‍ വ്യക്തമായ തെളിവ് സഹിതം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കാന് യോഗം നിര്‍ദേശിച്ചു. മത്സ്യകൃഷി ചെയ്യേണ്ട കാലയളവ് കൃത്യമായി രേഖപ്പെടുത്തി ഒരുനെല്ലും ഒരു മീനും പദ്ധതി പ്രകാരം മത്സ്യകൃഷി ചെയ്യുന്നതിന് ലൈസന്‍സ് നല്കാന് നിലവിലുള്ള നിയമത്തിന് അനുസരിച്ച് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.
ഒരു നെല്ലും മീനും പദ്ധതിയുടെ നെല്‍ കൃഷി, മത്സ്യക്കൃഷി എന്നിവയുടെ കരാര്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറും വ്യക്തത വരുത്തുന്നതിന് കളക്ടര്‍ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ പൊലീസ് തക്കസമയത്ത് ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും സംയുക്ത പരിശോധനയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും കളക്ടര്‍ പറഞ്ഞു.