സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ, ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷത്തില്‍തന്നെ 200 ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്കുവേണ്ടി ക്ലസ്റ്റർ ഉണ്ടാവുന്നത് സംസ്ഥാനത്താദ്യമായാണ് ഫലവർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുക, അതുവഴി പോഷകസമൃദ്ധിയെലേക്ക് നീങ്ങുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനസർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയിലുൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ്ഗക്കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുഹമ്മ ഗവൺമെൻറ് സംസ്കൃതസ്കൂളിന് എതിർവശമുള്ള ലീലാമണിയുടെ പുരയിടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.
ഈ വർഷം കേരളത്തിൽ 1000 ഹെക്ടർ വിസ്തൃതിയിൽ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടൻ ഫലവർഗവിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫല വർഗ്ഗവിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 25 സെന്റ് മുതൽ ഒരു ഹെക്ടർ വരെ ഒരു കർഷകന് കൃഷിചെയ്യാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഫല-പുഷ്പക്കൃഷിക്കായി 18കോടി രൂപയാണ് ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ഫലവർഗ്ഗകൃഷിക്ക് ക്ലസ്റ്റർ അടിസ്ഥാനവികസനത്തിനായി 6.16 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരക്കുറവ് സമ്പന്നരിൽപ്പോലും ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമാണ് പോഷകസമൃദ്ധിമിഷൻ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കർഷകഅവാർഡ് ജേതാക്കളായ ശ്രാവന്തിക എസ്.പി., സുജിത്ത് എസ്.പി എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ശശികല, ജെയിംസ് ചിങ്കുതറ, കർഷകനായ ടി.പി.സദാശിവൻനായർ, ജില്ലാപ്പഞ്ചായത്ത് അംഗം വി ഉത്തമൻ, മുഹമ്മ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, റ്റി എൻ നസീമട്ടീച്ചർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി അമ്പിളി എന്നിവർ സംസാരിച്ചു.