കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷകഅവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷക്ഷണിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. സി. അച്യുതമേനോന്‍റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന ശ്രീ. സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച കാര്‍ഷിക ഗവേഷണത്തിന് നല്‍കുന്ന എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ്, അതാത് വര്‍ഷങ്ങളില്‍ കൃഷിവകുപ്പിന്‍റെ പ്രത്യേക പദ്ധതികള്‍ (2023മില്ലറ്റ് പദ്ധതി) മികവോടെ നടപ്പിലാക്കിയ കൃഷിഭവനു നല്‍കുന്ന അവാര്‍ഡ്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് എന്നീ നാല് പുതിയ അവാര്‍ഡുകളാണ് കൃഷിവകുപ്പ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്നത്. അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതായിരിക്കും കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 25. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമം നിര്‍ദ്ദേശം ചെയ്യാവുന്നതാണ്. ക്ഷോണിസംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷകള്‍ അതായത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷകഭാരതി അവാര്‍ഡിനുള്ള അപേക്ഷകള്‍ 2024 ജൂലൈ 27 ന് മുന്‍പ് ലഭിക്കത്തക്കവിധം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് keralaagriculture.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.