Menu Close

സൂര്യഘാതം; ജോലിസമയം ക്രമീകരിച്ചു

കേരളത്തില്‍ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനതാത്പര്യം മുന്‍നിര്‍ത്തി വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ഉത്തരവ് പ്രകാരം പകല്‍ സമയം വെയിലത്ത് ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമ വേളയായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിക്കുന്നു. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയുള്ള കാലയളവിലേക്ക് മേല്‍ സമയക്രമീകരണം ബാധകമായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.