Menu Close

തേങ്ങ സംസ്‌കരണ സംരംഭങ്ങൾക്ക് സബ്‌സിഡി

തേങ്ങയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങൾക്കു 3 കോടി രൂപ വരെ സബ്‌സിഡി നൽകാൻ ദേശീയ നാളികേര വികസന ബോർഡ് തീരുമാനിച്ചു. ചെലവിന്റെ 25% അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ ഉണ്ടായിരുന്ന സബ്‌സിഡിയാണു പരമാവധി 3 കോടി രൂപയാക്കി വർധിപ്പിച്ചത്. നാളികേര ടെക്നോളജി മിഷനു കീഴിൽ തേങ്ങാപ്പാൽ, വെർജിൻ വെളിച്ചെണ്ണ, തുൾതേങ്ങ, പാക്ക് ചെയ്ത‌ ഇളനീർ, നാളികേരപ്പൊടി, ചിരട്ടക്കരിയിൽ നിന്നുള്ള ആക്ടിവേറ്റഡ് (ഉത്തേജിത) കാർബൺ തുടങ്ങിയവ നിർമിക്കുന്ന സംരംഭങ്ങളുടെ പ്ലാന്റ്, യന്ത്രഭാഗങ്ങൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ ചെലവിനാണു സബ്‌സിഡി. തോപ്പുകളിലെ കീടരോഗ നിയന്ത്രണം, തേങ്ങയുടെ സംസ്‌കരണം, മൂല്യവർധന എന്നിവയ്ക്കുള്ള ഗവേഷണത്തിന് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സാമ്പത്തികസഹായം അനുവദിക്കും. കർഷകർക്കു കരിക്കു പാർലർ തുടങ്ങാനും ഉണ്ടക്കൊപ്ര, മില്ലിങ് കൊപ്ര, കരിക്ക് സംസ്കരണം എന്നിവയ്ക്കു സൗകര്യ മൊരുക്കാനും കർഷക കൂട്ടായ്മ കൾക്കും (എഫ്‌പിഒ) വ്യക്തികൾക്കും സംഘങ്ങൾക്കും കൊപ്ര തരംതിരിക്കൽ, ഗ്രേഡിങ്, ഉണക്കൽ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനും മൊത്തം ചെലവിന്റെ 50% അല്ലെങ്കിൽ പരമാവധി 3 ലക്ഷം രൂപ സബ്‌സിഡി കിട്ടും. മൂല്യ വർധിത ഉൽപന്നങ്ങൾ വിൽക്കുന്ന കിയോസ്കുകൾക്കു റീഇംബേഴ്സ്മെന്റ് രീതിയിൽ സബ്‌സിഡി കിട്ടും. ഫോൺ: 0484 2377266, 2376553.