ആലപ്പുുഴ, കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയും കൊയ്ത്ത് യന്ത്ര ഉടമകളുടെയും യോഗം തീരുമാനിച്ചു.
8765 ഹെക്ടർ പാടശേഖരമാണ് രണ്ടാം കൊയ്ത്തിനായി ഉള്ളത്. 153 പാടശേഖരങ്ങൾ ഇതിലുൾപ്പെടും. അപ്രതീക്ഷിതമായി വന്ന ശക്തമായ മഴ
കൊയ്ത്തിനെ ബാധിക്കുന്നുണ്ട് . പാടശേഖരങ്ങളിൽ നിന്ന് കൊയ്ത നെല്ല് ഉടന്‍ സംഭരിക്കുന്നതിനുള്ള നടപടികൾ പാഡി ഓഫീസർമാർ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കൊയ്ത്തു യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ
പറഞ്ഞു. കൊയ്ത്ത് യന്ത്രങ്ങളുടെ നിരക്ക് കഴിഞ്ഞവർഷതത്തെപോലെതന്നെ പരമാവധി 2000 രൂപയിൽ നിശ്ചയിക്കുന്നതിനും
തീരുമാനിച്ചു.
കൊയ്ത്തു സുഗമമായി നടത്തുന്നതിനും തുടർ നടപടികള്‍ക്കുമായി ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ഉള്ള കമ്മറ്റികൾ ഉടൻതന്നെ രൂപവൽക്കരിക്കാൻ യോഗം നിർദ്ദേശിച്ചു. ബ്ലോക്ക് തല കമ്മിറ്റി 2023 ഒക്ടോബർ നാലാം തിയതിക്കുമുമ്പും പഞ്ചായത്ത് തല കമ്മറ്റി അഞ്ചാം തിയതിക്കുമുമ്പും കൂടണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊയ്ത്തിനായി 120 മെഷീനുകൾ വരെ ലഭ്യമാക്കാമെന്ന് കൊയ്ത്ത് മെഷീനുകളുടെ ഏജന്‍റുമാര്‍ യോഗത്തില്‍ പറഞ്ഞു.
ബ്ലോക്ക് തല-പഞ്ചായത്ത് തല സമിതികൾ
പുഞ്ച കൃഷിക്കാവശ്യമായ വിത്തുകൾ യഥാസമയം തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദ്ദേശം നൽകി. കൃഷി വകുപ്പ് മന്ത്രി തന്നെ നേരിട്ട് കുട്ടനാട്ടില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്ന് യോഗത്തില്‍ പറഞ്ഞു.