കർഷകരിൽനിന്ന് സിവിൽസപ്ലൈസ് കോർപറേഷൻ സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 175 കോടി രൂപ സംസ്ഥാനസർക്കാര്‍ അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്. 2017 മുതലുള്ള കുടിശിക തുകയാണിത്.
കേന്ദ്രസർക്കാരിന്റെ വിഹിതത്തിനു കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി.
കേരളം പിആർഎസ് വായ്പാ പദ്ധതിയ്ക്ക് രൂപംനല്കി നെൽവില ബാങ്കിൽനിന്ന് കർഷകന് ലഭിക്കാന്‍ വഴിയൊരുക്കുന്നു. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സർക്കാരാണ് നിർവഹിക്കുന്നത്. കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്പാപലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്. സംസ്ഥാന സബ്സിഡി കൂടി ഉറപ്പാക്കി നെല്ലിന് ഇന്ത്യയില്‍ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്.