Menu Close

നെൽകൃഷി ശിൽപ്പശാല – ഒക്ടോബർ 9 മുതൽ 11 വരെ

അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം, കേരള കാർഷിക സർവകലാശാല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ഹരിതഗൃഹ വാതക ബഹിർഗമനം കുറഞ്ഞ നെൽകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ 2025 ഒക്ടോബർ 9 മുതൽ 11 വരെ കേരള കാർഷിക സർവകലാശാലയിൽ ത്രിദിന  പ്രാരഭശില്പശാല സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം 2025 ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് വെള്ളാനിക്കര കാർഷിക കോളേജ് സെമിനാർ ഹാളിൽ വെച്ച് സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീ സി. ജെ. സ്കറിയപിള്ള നിർവഹിക്കുന്നു. കാർഷികോത്പാദന കമ്മീഷണറും കേര പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി അശോക് IAS ചടങ്ങിൽ  അധ്യക്ഷത വഹിക്കുന്നു.  കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ലോ കാർബൺ നെൽകൃഷി സമ്പ്രദായങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുന്നതിനായി നൂതന ശാസ്ത്രസാങ്കേതിക മാർഗ്ഗങ്ങളും നയങ്ങളും രൂപപ്പെടുത്തുക എന്നതാണ് ശിൽപ്പശാലയുടെ മുഖ്യ ലക്ഷ്യം.  കേരളത്തിലെ കാർഷിക മേഖലയുടെ പരിവർത്തനം ലക്ഷ്യമിട്ട് ലോകബാങ്ക് സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പദ്ധതി (KERA). കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനും, കാർബണിന്റെ ബഹിർഗമനനിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട പദ്ധതി സംസ്ഥാന കൃഷി വകുപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. ആഗോളതലത്തിലുള്ള മികച്ച അന്തര്ദേശീയ രീതികൾ ഉൾക്കൊണ്ട് കൊണ്ട് കാർഷിക മൂല്യവർദ്ധിത ശൃംഖലയിലെ നൂതന ഗവേഷണങ്ങൾ, പരീക്ഷണങ്ങൾ എന്നിവയ്ക്കു  പ്രോത്സാഹനം നല്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.