കേരള കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും, കൊക്കോ ഗവേഷണ പഠനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി മോണ്ടലീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 13 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പുകൾ വിതരണം ചെയ്തു. കൊക്കോ ഗവേഷണ കേന്ദ്രവും, മോണ്ടലീസ് ഇന്ത്യയും തമ്മിലുള്ള ഗവേഷണ ഉടമ്പടിയുടെ ഭാഗമാണ് ഈ സ്കോളർഷിപ്പുകൾ. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന നാല് കാർഷിക കോളേജുകളിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാര്തഥികളാണ് ഫെല്ലോഷിപ്പിന് അർഹരായത്. ബിരുദ വിദ്യാര്തഥികൾക്ക് 50000/- രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാര്തഥികൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് ഫെല്ലോഷിപ്പ് തുകയായി ലഭിക്കുക.
അനഘ എസ്, അഞ്ജന ലക്ഷ്മി എം, ബിന്ധ്യ .സി.മാത്യു (കാർഷിക കോളേജ്, വെള്ളാനിക്കര), അമൃതശ്രീ, അലീന രാജ് (കാർഷിക കോളേജ്, വെള്ളായണി), ദിൽഷാന എം ആർ, രേവതി വി വി, ഷബ്നം പർവീൺ (കാർഷിക കോളേജ്, പടന്നക്കാട്), ആദിൽ നിസാം, ശ്രീലക്ഷ്മി എസ് (കാർഷിക കോളേജ് , അമ്പലവയൽ) എന്നിവർ ബിരുദ വിഭാഗത്തിലും കാവ്യ സുരേഷ് (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് വിഭാഗം, കാർഷിക കോളേജ് , വെള്ളായണി), ഷാനില (പ്ലാൻ്റേഷൻ ക്രോപ്പ് വിഭാഗം, കാർഷിക കോളേജ്, വെള്ളായണി), ശ്രീചിത്ര എം എസ് (ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം, കാർഷിക കോളേജ്, വെള്ളായണി), അഖില ചന്ദ്രൻ (ക്രോപ് പ്രൊഡക്ഷൻ വിഭാഗം, കാർഷിക കോളേജ് , പടന്നക്കാട്), അമൽ പ്രസാദ്(സോഷ്യൽ സയൻസ് വിഭാഗം, കാർഷിക കോളേജ് , വെള്ളാനിക്കര ) എന്നീ വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദ വിഭാഗത്തിലും ഫെല്ലോഷിപ്പുകൾ കരസ്ഥമാക്കി.
കാർഷിക സർവകലാശാലയുടെ അമ്പത്തിനാലാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ, മോണ്ടലീസ് മാനേജർ സി വിജയകുമാർ, വൈസ് ചാൻസലർ ഡോ ബി. അശോകിന് ചെക്ക് കൈമാറി. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.സക്കീർ ഹുസൈൻ, കൊക്കോ ഗവേഷണ കേന്ദ്രം മേധാവി ഡോ. മിനിമോൾ ജെ.എസ്, എന്നിവർ സന്നിഹിതരായിരുന്നു.