കേരളത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ചുവന്ന മണ്ഡരിയുടെ ആക്രമണം വ്യപകമാകുന്നു. മുൻവർഷങ്ങളിലും മണ്ഡരിയുടെ ആക്രമണം കൃഷിയിടങ്ങളിൽ കണ്ടിരുന്നുവെങ്കിലും ഈ അടുത്ത രണ്ടു വർഷങ്ങളിൽ ആയിട്ടാണ് ഇവയുടെ ആക്രമണം രൂക്ഷമായത്. ഈ വർഷം തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്നും മണ്ഡരി ആക്രമണം രേഖപ്പെടുത്തി. പുതുതായി കവുങ്ങിൻ കൃഷി ആരംഭിച്ച തോട്ടങ്ങളിൽ, മൂന്നു നാല് വർഷം വരെ പ്രായമുള്ള തൈകളിൽ ആണ് ചുവന്ന മണ്ഡരിയുടെ ആക്രമണം രൂക്ഷമായി കാണുന്നത്. റവോയെല്ല ഇൻഡിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചുവന്ന മണ്ഡരി, ഓലയുടെ അടിഭാഗത്തു കൂട്ടമായിരുന്ന് നീരൂറ്റികുടിക്കുന്നു. തുടക്കത്തിൽ ഇല മഞ്ഞളിക്കുകയും പിന്നീട് ഓല കരിഞ്ഞു ഉണങ്ങി പോവുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങൾ മൂലകങ്ങളുടെ കുറവുമൂലമാണെന്ന് കർഷകർ തെറ്റിദ്ധരികാൻ ഇടയുണ്ട്. ഈ മണ്ഡരി വളരെ ചെറിയതും വളരെ പതുകെ ചലിക്കുന്നതും കാരണം ഇതിന്റെ ആക്രമണം സാധാരണയായി ശ്രദ്ധയിൽ പെടാറില്ല. മണ്ഡരിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഇലയുടെ അടിഭാഗത്തു കൈവിരൽ കൊണ്ട്തു ടച്ചുനോക്കിയാൽ വിരലിൽ കുങ്കുമനിറത്തിൽ കാണപ്പെടും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കവുങ്ങിൽ ഈ മണ്ഡരിയുടെ ആക്രമണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് കേരള കാർഷികസർവകലാശാലയിലെ മണ്ഡരി ഗവേഷണ സംഖം മുന്നറിയിപ്പ് നൽകി.
മണ്ഡരിയുടെ ആക്രമണം പ്രാരംഭഘട്ടത്തിൽ നിയന്ത്രിക്കാൻ വെറ്റബിൾ സൾഫർ അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കാവുന്നതാണ്. മഴക്കാലങ്ങളിൽ വെറ്റബിൾ സൾഫറിനൊപ്പം ലിറ്ററിന് ഒരു മില്ലി പശ ചേർത്ത് തളിക്കുന്നത് ഉത്തമമാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൈമെത്തോയേറ്റ് എന്ന കീടനാശിനി ഒന്നര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്. കൂടാതെ കാർഷികസർവകലാശാലയിലെ ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രൊജക്റ്റ് ഓൺ അഗ്രികൾച്ചറൽ ഏക്കറോളജി പദ്ധതിയുടെ ഭാഗമായി വിവിധ കവുങ്ങിൻ തോട്ടങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ പുതുതലമുറയിൽപ്പെട്ട മണ്ഡരിനാശിനി സ്പൈറോമെസിഫെൻ ഒരു മില്ലി ഒരു ലിറ്റർ എന്ന തോതിൽ വെള്ളത്തിൽ കലക്കി തളിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.