അരിയാഹാരം കഴിച്ചാല്‍ അമിതമായി അന്നജം ശരീരത്തിനുള്ളില്‍ കടന്നുകൂടും എന്നതാണല്ലോ പ്രശ്നം. അരിയ്ക്ക് പകരം ഗോതമ്പാക്കിയാല് ഇതു കുറയ്ക്കാമെന്ന് ചിലര്‍ കരുതുന്നുണ്ട്. അരിയുടെ അത്ര അളവില്‍ ഗോതമ്പ് കഴിച്ചാലും ഏകദേശം അത്രതന്നെ അന്നജം ശരീരത്തിലടിയും. ഇതിനു പരിഹാരമെന്ന തരത്തിലാണ് ഓട്സ് വന്നത്. ഈയിടെ മില്ലറ്റുകള് അഥവാ ചെറുധാന്യങ്ങളും വന്നു. അതോടെ കിലോ 25 രൂപയ്ക്ക് കിട്ടിയിരുന്ന തിനയ്ക്കൊക്കെ തീവിലയായി. ഇപ്പോഴാകട്ടെ, പുതിയൊരു താരം അവതരിച്ചിരിച്ചിട്ടുണ്ട്. പക്ഷേ, ധാന്യമോ ചെറുധാന്യമോ അല്ല. ആളൊരു ചീരക്കുടുംബക്കാരനാണ്.
പേര് ക്വിനോവ (Quinoa). Chenopodium quinoa എന്നാണ് മുഴുവന്‍ പേര്. ധാന്യം പോലെ പാചകം ചെയ്തു കഴിയ്ക്കാം. എന്നാൽ ധാന്യമല്ലാത്തതായതിനാൽ ‘കപടധാന്യം’ അഥവാ Pseudo Cereal എന്നാണ് അറിയപ്പെടുന്നത്. ഉയർന്നയളവിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം ഇവയൊക്കെ ക്വിനോവയില്‍ അടങ്ങിയിരിക്കുന്നു.
ഉയരം കൂടിയ മലമടക്കുകളിലാണ് ക്വിനോവ സാധാരണയായി വളരുന്നത്. പെറുവിലെ മാച്ചു പിച്ചു മലനിരകളിൽ സഹസ്രാബ്ദങ്ങൾക്ക് മുൻപുതന്നെ ഇത് വിളഞ്ഞിരുന്നു. കെനിയ, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നുണ്ട്.
ക്വിനോവയുടെ ഗുണവിശേഷങ്ങള്‍ കടൽ കടന്നതോടെ 2006 നും 2014 നുമിടയിൽ ഇതിന്റെ വില മൂന്നിരട്ടിയായാണ് വർധിച്ചുവത്രേ. ധാന്യങ്ങളെല്ലാം തന്നെ ഒറ്റപ്പരിപ്പുള്ള (Monocot) വിത്തുകളെങ്കിൽ ക്വിനോവ ഇരട്ടപ്പരിപ്പുള്ള (Dicot) വിത്താണ്. നമ്മുടെ ചീര കൃഷി ചെയ്യുന്നപോലെ ക്വിനോവയും കൃഷി ചെയ്യാം. ഒരു ഹെക്റ്ററിൽനിന്ന് മൂന്നുമുതൽ അഞ്ചുവരെ ടൺ വിളവ് ലഭിക്കും. പെറുവാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ക്വിനോവ ഉത്പാദിപ്പിക്കുന്നത്. ബോളീവിയയും ഇക്വഡോറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഒരു ഭക്ഷണം എന്ന നിലയിൽ എന്തൊക്കെയാണ് ക്വിനോവയെ വ്യത്യസ്ത മാക്കുന്നത്?
- ഇത് ഗ്ലൂട്ടൻ ഫ്രീ (gluten -free) ആയതിനാൽ സെലിയാക്ക് (Celiac) രോഗമുള്ളവർക്ക് പേടി കൂടാതെ കഴിയ്ക്കാം
- Folates, Magnesium, Zinc, ഇരുമ്പ് എന്നിവയുടെ നല്ല ഭക്ഷ്യസ്രോതസാണ്.
- Quercetin, Kaempferol എന്നീ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അത് ശരീരകോശങ്ങളെ അസ്വാഭാവിക നാശങ്ങളിൽനിന്ന് രക്ഷിക്കുന്നു.
- നാരുകളാൽ സമ്പുഷ്ടമാണ്. കുടലിലെ ബാക്ടീരിയകൾക്ക് കാവലാളാകുന്നു.
- വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മനുഷ്യശരീരത്തിന് തനിയെ ഉത്പാദിപ്പിക്കാൻ കഴിയാത്ത ഒൻപത് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. Vegan ഭക്ഷണ രീതികൾ പിന്തുടരുന്നവർക്ക് ഗുണകരമാണ്
- വേഗത്തിൽ പാചകം ചെയ്തെടുക്കാൻ സാധിക്കും
ഗുണങ്ങളെപ്പോലെ ക്വിനോവയ്ക്ക് ചില പരിമിതികളും ഉണ്ട്.
പോഷകങ്ങളെപ്പോലെ അതിൽ ചില പ്രതി -പോഷകങ്ങളും (Anti nutrients ) ഉണ്ട്. സപ്പോണിൻസ്, ടാനിൻസ്, ഫയ്റ്റിക് ആസിഡ് മുതലായവ. അതിന്റെ സാന്നിധ്യം ഇരുമ്പ്, Magnesium എന്നീ മൂലകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ (Absorption) ചില തടസ്സങ്ങള്‍ സൃഷ്ടിക്കും. നന്നായി വെള്ളത്തിൽ കഴുകി, അൽപനേരം കുതിർത്തു പാചകം ചെയ്യുന്നതുവഴി ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അതുപോലെതന്നെ ഓക്സലേറ്റ്സ് അധികമായി ഉള്ളതിനാൽ കൂടുതൽ കഴിക്കുന്നത് ചിലരുടെ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനും കാരണമായേക്കും.
പുതിയ ഭക്ഷണങ്ങൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. എത്ര സുരക്ഷിതമായ ഭക്ഷണവും ഒരു ന്യൂനപക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണാം. ഭക്ഷണം സമീകൃതമാക്കുക എന്നതാണ് പോംവഴി. അരി (തവിടോടു കൂടിയത്), ഗോതമ്പ് (തവിടോടുകൂടിയത് ), വല്ലപ്പോഴും ഓട്സ്, ദിവസമോ രണ്ട് ദിവസമോ കൂടുമ്പോൾ ചെറുധാന്യങ്ങൾ, ഇടയ്ക്ക് ക്വിനോവ, എല്ലാ ദിവസവും 90 ഗ്രാം എങ്കിലും പയർവർഗ്ഗങ്ങൾ, എല്ലാദിവസവും കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും എന്നിങ്ങനെയുള്ള ഭക്ഷണക്രമം പാലിക്കണം. ഒപ്പം, ആവശ്യമായ വ്യായാമം, സദ്ചിന്ത, പരോപകാരം, ശരീരത്തിൽ സൂര്യപ്രകാശം കൊള്ളിയ്ക്കൽ എന്നിവകൂടി ഉള്‍ക്കൊള്ളുന്ന ഒരു നല്ല ജീവിതശൈലി ചെറുപ്രായം മുതൽ രൂപപ്പെടുത്താൻ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കഴിയണം. വീടുകളിലും ഭക്ഷണസാക്ഷരത (Food Literacy) ഉണ്ടാകണം. പുറമെ നിന്നുള്ള ഭക്ഷണങ്ങൾ കഴിയുന്നത്ര കുറയ്ക്കണം.
വർഷം മുഴുവൻ ഒരേ ഭക്ഷണമല്ല, ഓരോ ഋതുവിലും നമുക്ക ചുറ്റും പ്രകൃതി വിളയിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് ശ്രമിക്കേണ്ടത്. ഇലക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, പൂക്കൾ, വിത്തുകൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. നിയന്ത്രിതമായ ഉപവാസം ഗുണം ചെയ്യും. പക്ഷേ, വെള്ളം കുടിക്കുന്ന കാര്യത്തിൽ ഉപേക്ഷ പാടില്ല.
പുറത്തുവരുന്ന പഠനങ്ങള്‍ കാണിക്കുന്നത് ക്വിനോവ ഭാവിയുടെ ഭക്ഷണമാണെന്നാണ്. എങ്കില്‍ എന്തുകൊണ്ട് നമുക്ക് ക്വിനോവയ്ക്കായി നിലമൊരുക്കിക്കൂടാ? ഇടുക്കിയിലെ ദേവികുളം ബ്ലോക്കിൽപ്പെടുന്ന പഞ്ചായത്തുകളിൽ വിജയിക്കാൻ സാധ്യതയുള്ള വിളയാണ് ക്വിനോവ എന്നു തോന്നുന്നു. കാർഷികസർവ്വകലാശാല ഇതിന്റെ ‘സാധ്യതാ പഠനങ്ങൾ ‘നടത്തും എന്നു പ്രതീക്ഷിക്കാം.