കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി പൊക്കാളി കൃഷിക്കു വേണ്ടി സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കാൻ രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം (2,06,39,000 ) രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ കുഴുപ്പിള്ളിയിൽ 200 ഹെക്ടറും പള്ളിപ്പുറത്ത് 50 ഹെക്ടറും വരുന്ന ഐക്യസമാജം പൊക്കാളി നിലങ്ങളിൽ ഒരേസമയം സുഗമമായി പൊക്കാളി കൃഷിയിറക്കാൻ ഇതോടെ സാധിക്കും.
50 ഹോഴ്സ് പവറിന്റെ നാലു സബ്മേഴ്സിബിൾ പമ്പുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. അയ്യമ്പിള്ളി, രാമവർമ്മ കനാലുകളിൽ രണ്ടുവീതം പമ്പുകൾ വിന്യസിക്കും. ഇതോടെ പാടശേഖരങ്ങളിലെ വെള്ളം പൂർണ്ണമായി വറ്റിക്കാനും എല്ലായിടത്തും ഒരുമിച്ച് കൃഷിയിറക്കാനും കഴിയുമെന്നു എംഎൽഎ പറഞ്ഞു.
നിലവിൽ 50 ഹോഴ്സ് പവറിന്റെ അഞ്ചു പെട്ടിയും പറയും ഉപയോഗിച്ചാണ് ദുഷ്കരമായ വെള്ളംവറ്റിക്കൽ നടത്തുന്നത്. ഓരോ വർഷവും 25 ലക്ഷത്തോളം രൂപയാണ് ഇതിനു ചെലവ്.
ഇപ്പോൾ 25 ഹെക്ടർ മാത്രം പാടത്താണ് കൃഷിയിറക്കുന്നത്. പമ്പുകൾ സ്ഥാപിക്കുന്നതോടെ 250 ഹെക്ടർ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കാനാകുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.