പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍ സീഡ് ചെയ്താല്‍ ഒക്ടോബറില്‍ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കര്‍ഷകര്‍ക്ക് ലഭിക്കും. ആധാര്‍ നമ്പര്‍, ഒ ടി പി ലഭിക്കാന്‍ മൊബൈല്‍ ഫോണ്‍, അക്കൗണ്ട് തുറക്കാന്‍ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ, പോസ്റ്റ്മാനെയോ സമീപിക്കാം. ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയകേന്ദ്രം വഴിയോ വെബ്സൈറ്റ് മുഖേന സെല്‍ഫ് മോഡിലോ ആധാര്‍ ഉപയോഗിച്ച് ഇ-കെ വൈ സി രജിസ്ട്രേഷന് നടത്തണം. കൃഷിഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും നടത്തണം.
ജില്ലയിലെ 14403 കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. ആധാര്‍ബന്ധിത അക്കൗണ്ടില്ലാത്തതിനാലാണ് കര്‍ഷകരില്‍ പലര്‍ക്കും ആനുകൂല്യം ലഭിക്കാത്തത്. രണ്ട് ഹെക്ടര്‍ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള അര്‍ഹരായ ചെറുകിട കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി 2,000 രൂപ വീതം സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിക്കുന്നതാണ് പദ്ധതി.