കണ്ണൂർ ജില്ലാപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ന്യൂ മാഹി പഞ്ചായത്തിൽ നടപ്പാക്കുന്ന ‘പലഹാരഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പലഹാര ഗ്രാമം പദ്ധതിയിലൂടെ മലബാറിന്റെ രുചി വൈവിധ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ അനുഭവിച്ചറിയാൻ സാധിക്കും. സ്ത്രീകൾക്ക് ഒരു വരുമാനമാർഗം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ ആദ്യ വിൽപ്പന നടത്തി എൻ.വി അജയകുമാർ ഏറ്റുവാങ്ങി.
ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷയായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്.കെ. സുരേഷ് കുമാർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ, ന്യൂമാഹി സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം അനിൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ശിങ്കാരിമേളവും അരങ്ങേറി.