ഗാളീച്ച കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ്. ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ ആക്രമണമുണ്ടാകാറുണ്ട്. ഇതിനെ തണ്ടീച്ച എന്നും പറയും. ഇരുണ്ട തവിട്ടുനിറവും നീണ്ട കാലുകളും കൊതുകുകളേക്കാൾ ചെറിയ ശരീരവുമുള്ള പ്രാണിയാണിത്. പെൺകീടം ചെടിയുടെ ഇളംതണ്ടിൽ അനവധി മുട്ടകൾ തറച്ചുവെക്കുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചെടി തണ്ടിന്റെ ഉൾഭാഗം തിന്നു ജീവിക്കുന്നു. ഇവയുടെ ഉമിനീരിന്റെ പ്രവർത്തനഫലമായി ആക്രമിക്കപ്പെട്ട ഭാഗം ക്രമാതീതമായി തടിക്കുന്നു. വളർച്ച പൂർത്തിയാക്കിയ പുഴുക്കൾ തണ്ടിൽ നിന്നു പുറത്തുവരുന്നു.
ഗാളീച്ചയുടെ ആക്രമണം തടയാന്‍ ഞാറിന്റെ വേരുഭാഗം 0.02% വീര്യമുളള ക്ലോര്‍പൈറിഫോസ് ലായനിയില്‍ 12 മണിക്കൂര്‍ നേരത്തേക്കു മുക്കിവച്ചതിനുശേഷം നടുക.
തുളസിക്കെണിയാണ് മറ്റൊരു മാർഗ്ഗം. ഒരു കൈപ്പിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക. കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.