ഓണപ്പൂക്കളത്തിലെ പൂവുകള്‍ പോലും തമിഴ്നാട്ടില്നിന്നുവരണമെന്ന കേട്ടുമടുത്ത കഥ പതിയെ മാറുകയാണ്. കഴിഞ്ഞ ആറേഴുവര്‍ഷങ്ങളായി പതിയെ വന്ന മാറ്റം ഈ വര്‍ഷത്തോടെ ശക്തമായി. ഇത്തവണ ഓണം ലക്ഷ്യമാക്കി കേരളത്തില്‍ വ്യാപകമായി പുഷ്പകൃഷി നടന്നു എന്നാണ് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ കൃഷി ചെയ്തത് ജമന്തിയാണ്. ഒപ്പം താമരയും മുല്ലയും കൃഷിചെയ്തു.
മാറ്റത്തിനു നേതൃത്വം കൊടുത്ത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള ആയിരത്തിയഞ്ഞൂറോളം കാര്‍ഷിക സഹകരണസംഘങ്ങളിലുമായി ഏതാണ്ട് അഞ്ഞൂറോളം ഏക്കറിലാണ് കേരളമാകെ പൂക്കൃഷി നടന്നത്.
ഒപ്പം തൊഴിലുറപ്പുകാരും മറ്റ് തൊഴില്കൂട്ടായ്മകളും ഒത്തുചേര്‍ന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തരിശുഭൂമിയില്‍ കൃഷിയുമായിരംഗത്തുവന്നു. നല്ലരീതിയില്‍ പൂക്കൃഷിയിലേക്കു തിരിഞ്ഞ വ്യക്തികളുമുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം കൃഷി നടന്നത്. തൊട്ടുപിന്നില്‍ ആലപ്പുഴയുമുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും ഏറിയും കുറഞ്ഞും ഇത്തവണ പൂക്കൃഷി നടന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈയാഴ്ചയോടെ കേരളത്തിലെ സ്വന്തം പൂക്കള്‍ വിപണിയില്‍ സജീവമാകും. ശ്രദ്ധയോടെ കൈകാര്യം ചെയ്ത എല്ലാ സംഘങ്ങളും ആത്മവിശ്വാസത്തിലാണ്. ഇത്തവണ അവര്‍ക്കുലഭിക്കുന്ന ആദായം അടുത്തതവണ പൂക്കൃഷിയില്‍ കേരളത്തിന്റെ കുടിച്ചുചാട്ടത്തിനു കാരണമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
എന്തായാലും തോവാളയിലെ പൂക്കള്‍ നോക്കി അത്തമിട്ടിരുന്ന ആ കാലം പതുക്കെ മാറുകയാണ്. മലയാളിയുടെ വിയര്‍പ്പിന്റെ മണമുള്ള പൂക്കള്‍ വിപണിയെ നിയന്ത്രിക്കുന്ന കാലം അത്ര വിദൂരമല്ല.
ലാഭകരമായ കൃഷി നോക്കിയിരിക്കുന്ന കൂടുതല്‍ പേരെ ഈ വിജയം കാര്‍ഷികമേഖലയിലേക്ക് ആനയിക്കും എന്നതില്‍ സംശയമില്ല.