കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം നിലവില്‍ ഉള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സ്വൈന്‍ ഫീവര്‍, ആഫ്രിക്കന്‍ പന്നിപ്പനി എന്നീ അസുഖങ്ങള്‍ മൂലവും പാമ്പ്കടി, വിഷബാധ എന്നിവ മൂലവും ഉരുക്കള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി .ജെ ചിഞ്ചുറാണി അറിയിച്ചു. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ആന്ത്രാക്സ്, പേവിഷബാധ, പക്ഷിപ്പനി, പി.പി.ആര്‍ എന്നീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവ്നായ ആക്രമണം, ഇടിമിന്നല്‍, മുങ്ങിമരണം, വെദ്യുതാഘാതം, സൂര്യാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങള്‍ എന്നിവയ്ക്കുമാണ് നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വകുപ്പിന്‍റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കി വരുന്നത്. പരിഷ്കരിച്ച പുതിയ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് തുകയോ, ജില്ലാ കളക്ടറുടെ ധനസഹായമോ ലഭിക്കാത്ത ദുരിത ബാധിതരായ എല്ലാ കര്‍ഷകര്‍ക്കും ഫണ്ടിന്‍റെ ലഭ്യതയനുസരിച്ച് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. സര്‍ക്കാരിന്‍റെ ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള മൃഗാശുപത്രികളില്‍ കര്‍ഷകര്‍ സമര്‍പ്പിക്കേണ്ടതാണ്.