കളനാശിനി പ്രയോഗത്തെതുടര്‍ന്ന് കളനാശിനികള്‍ വിളകളില്‍ പതിക്കുന്നതും തുടർന്ന് വിളസസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നതും സാധാരണമാണ്. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമായ ക്രോപ്പ് പ്രൊട്ടക്റ്റീവ് ഹെർബിസൈഡ് ആപ്പ്ളിക്കേറ്റർ എന്ന നൂതന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാലക്ക് പേറ്റന്റ് ലഭിച്ചു.
യന്ത്രം പ്രവർത്തിക്കുമ്പോൾ, യന്ത്രത്തിലെ വിള സംരക്ഷണ ഹുഡ്, വിള സസ്യങ്ങളെ കളനാശിനി സ്പ്രേ തുള്ളികളിൽ നിന്നും സംരക്ഷിക്കുന്നു. അതേ സമയം കള ചെടികൾ സ്പ്രേ ഹുഡിനുള്ളിൽ അകപ്പെടുകയും നോസിലിൽ നിന്നുള്ള കളനാശിനി സ്പ്രേ അവയില്‍ മാത്രം പതിക്കുകയും ചെയ്യുന്നു.
വെള്ളായണി കാർഷിക കോളേജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഷീജ കെ. രാജ്, ഡോ. ജേക്കബ് ഡി., ഡോ. ശാലിനി പിള്ളൈ, ഗവേഷണ വിദ്യാർത്ഥികളായ ധനു ഉണ്ണികൃഷ്ണൻ, അനിറ്റ്റോസാ ഇന്നസെന്റ്, കൃഷ്ണശ്രീ രാധാകൃഷ്ണൻ, സീതൽ റോസ് ചാക്കോ അടങ്ങിയ സംഘത്തിന്റെ ഗവേഷണശ്രമങ്ങളാണ് യന്ത്രത്തിന്റെ ആവിഷ്കരണത്തിലേക്ക് നയിച്ചത്.