സർക്കാറുടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ പദ്ധതി. നവോത്ഥാൻ (ന്യൂ അഗ്രികൾച്ചറൽ വെൽത്ത് ഓപ്പർച്യുനിറ്റീസ്–-ഡ്രൈവിങ് ഹോർട്ടികൾച്ചറൽ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് ) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിപ്രകാരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷിക്കൂട്ടം, കുടുംബശ്രീ, സ്വയംസഹായസംഘം, യുവജനസംഘം, സ്‌റ്റാർട്ടപ് എന്നിവർക്കാണ് കരാറടിസ്ഥാനത്തിൽ ഭൂമി നൽകുക. സർക്കാരിന്റെ കൈവശം 1.03 ലക്ഷം ഹെക്ടർ തരിശുനിലമുണ്ടെന്നാണ് കണ്ടെത്തൽ.
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) ക്കാണ് നടത്തിപ്പുചുമതല. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കാബ്‌കോ സഹായിക്കും. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരിൽനിന്ന് താൽപ്പര്യപത്രം ക്ഷണിക്കും. 11 മാസത്തേക്കാണ് കരാർ. മറ്റ് പ്രശ്‌നങ്ങളില്ലെങ്കിൽ തുടരാം. സർക്കാരിന്റെ 100ദിന കർമപരിപാടിയിൽപ്പെടുത്തി പദ്ധതി നടപ്പാക്കും.
കേരളത്തിന് ഒരുവർഷം 30 ലക്ഷം ടൺ പച്ചക്കറി വേണം. ഇതിൽ 17.24 ലക്ഷം ടൺ ഉൽപ്പാദനമുണ്ട്. ഫലവർഗങ്ങളിൽ ഇത് യഥാക്രമം 40 ലക്ഷം ടൺ, 26 ലക്ഷം ടൺ എന്ന നിലയിലാണ്. ഈ രണ്ടുമേഖലകളിലും സ്വയംപര്യാപ്തത നേടാൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.