നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സർവ്വെ നടത്തി റിക്കാർഡുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ജിയോ സ്പെഷൽ നോളേജ് ബേസ്ഡ് ലാൻഡ് സർവ്വെ ഓഫ് അർബൻ ഹാബിറ്റേഷൻ (NAKSHA) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി.
കേരളത്തില്‍, സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയായ ഡിജിറ്റൽ സർവെ പദ്ധതിയുമായി കൈകോർത്താണ് സംസ്ഥാനത്ത് നക്ഷ പദ്ധതി നടപ്പാക്കുക. ഇന്ത്യയൊട്ടാകെ തിരഞ്ഞെടുത്ത 100 നഗരസഭകളിൽ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുന്ന നക്ഷ പദ്ധതിയിൽ മലപ്പുറം ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ നഗരസഭകൾ ഉൾപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം പെരിന്തൽമണ്ണ നഗരസഭാ കോൺഫറൻസ് ഹാളിൽ നിർവ്വഹിച്ചു.
നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. ഷാൻസി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് പദ്ധതി വിശദീകരണം നടത്തി. സബ്കളക്ടർ അപൂർവ്വ ത്രിപാദി, ജില്ലാ രജിസ്ട്രാർ അജിത് സാം ജോസഫ്, പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാൽ എ., നഗരസഭാ കൗൺസിലർ ഹുസൈന നാസർ, നഗരസഭാ ക്ലീൻസിറ്റി മാനേജർ വത്സൻ ജി, മലപ്പുറം റീസർവെ അസിസ്റ്റൻ്റ് ഡയറക്ടർ രാജീവൻ പട്ടത്താരി, ഡിജിറ്റൽ സർവെ ഐ.ഇ.സി കോർഡിനേറ്റർ അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.
റവന്യൂ ദിനാചരണത്തിൽ സംസ്ഥാനത്തെ മികച്ച സർവെ അസിസ്റ്റൻ്റ് ഡയറക്ടർക്കുള്ള പുരസ്ക്കാരത്തിന് അർഹനായ മലപ്പുറം റീസർവെ അസി. ഡയറക്ടർ രാജീവൻ പട്ടത്താരിയെ യോഗത്തിൽ ജില്ലാ കളക്ടർ ആദരിച്ചു.