Menu Close

എം എസ് സ്വാമിനാഥന്‍ : ഇന്ത്യയെ പട്ടിണിയില്‍നിന്നു കരകയറ്റിയ ശാസ്ത്രകാരന്‍

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരത് രത്ന പ്രഖ്യാപിച്ചിരിക്കുന്നു. മരണാനന്തരബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത അംഗീകാരം ഈ അതുല്യപ്രതിഭയെത്തേടി എത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ഓരോ വയലേലകളും എത്രയോ ദശാബ്ദായി ഓരോ നിമിഷവും ആ നാമം കൃതാര്‍ത്ഥതയോടെ ഓര്‍ത്തുകൊണ്ടിരിക്കുന്നു.
സ്വാതന്ത്ര്യാന്തരയിന്ത്യയെ പട്ടിണിയില്‍നിന്നു കരകയറ്റിയ ഹരിതവിപ്ലവത്തിന്റെ അമരക്കാരന്‍ എന്ന നിലയിലാണ് എംഎസ് സ്വാമിനാഥനെ ഇന്ത്യന്‍ ജനത ഓര്‍ക്കുന്നത്. അന്നുമുതല്‍ രാജ്യത്തെ കാര്‍ഷികഗവേഷണങ്ങള്‍ക്കും ഭരണനിലപാടുകള്‍ക്കും വഴികാട്ടിയായിരുന്നു ആ വിജ്‍ഞാനനിധി.

    എം എസ്. സ്വാമിനാഥന്‍ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ കേരളത്തിലെ അഭിമാനപുത്രനാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് സ്വദേശി. ചികിത്സകനായ പിതാവ് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെവച്ച് 1925 ആഗസ്റ്റ് 7-നാണ് അദ്ദേഹം ജനിച്ചത്. അവിടെത്തന്നെയായിരുന്നു സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും. പിന്നീട്  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് സുവോളജിയിൽ ബിരുദം നേടി. തുടര്‍ന്ന് കോയമ്പത്തൂർ കാർഷികകോളേജിൽ പഠനം. 1947-ൽ ഇന്ത്യൻ കാർഷികഗവേഷണ സ്ഥാപനത്തിൽ (Indian Agricultural Research Institute) ചേർന്നു. അവിടെനിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടുകൂടി നെതർലൻഡ്‌സിൽ ഗവേഷണം. നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അംഗമായി. 
    രണ്ടാം ലോകമഹായുദ്ധസമയത്ത് ഉരുളക്കിഴങ്ങിന്റെ ആവശ്യം വളരെയെറെക്കൂടി. ഇത് പരമ്പരാഗതമായ കൃഷിരീതികളിൽ പലമാറ്റങ്ങളുണ്ടാക്കി. ചില പ്രദേശങ്ങളിൽ  പ്രത്യേക കീടങ്ങളുടെ കളയാക്രമണത്തിന് ഇതു കാരണമായി. അത്തരം പരാന്നഭോജികൾക്കെതിരെ പ്രതിരോധശേഷി നൽകുന്നതിനും തണുത്ത കാലാവസ്ഥയ്ക്കു പറ്റിയ വിത്തുകൾ രൂപപ്പെടുത്തുന്നതിലും സ്വാമിനാഥൻ പ്രവർത്തിച്ചു.   ഈ സമയം, യുദ്ധത്തിൽ തകർന്ന ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിംഗ് റിസർച്ച് സന്ദർശിച്ചത് അദ്ദേഹത്തെ ജീവിതത്തിലെ വഴിത്തിരിവായി. 1952 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം ഡോക്‌ടർ ഓഫ് ഫിലോസഫി (പി.എച്ച്.ഡി.) ബിരുദം നേടി. തുടര്‍ന്ന് അമേരിക്കയിൽ വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ ഒരു പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് അദ്ദേഹം സ്വീകരിച്ചു. അവിടെ അദ്ദേഹത്തിന് ഫാക്കൽറ്റി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, സ്വാമിനാഥൻ അതുനിരസിച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം ഇന്ത്യയിലേക്കു വരിക എന്നതായിരുന്നു.

    1954 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. ഏറെ ശ്രമങ്ങള്‍ക്കുശേഷം കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ബൊട്ടാണിസ്റ്റിന്റെ താല്ക്കാലികജോലി കിട്ടി. പിന്നീട് ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. 
    രൂക്ഷമായ വരൾച്ചയും ക്ഷാമവുമായിരുന്നു അപ്പോള്‍ ഇന്ത്യ അഭിമുഖീകരിച്ചിരുന്നത്. എഴുപതു ശതമാനം പേരും കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ സ്വാമിനാഥൻ വിമർശിച്ചു. 

1961 ല്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി രാജ്യം അദ്ദേഹത്തെ നിയമിച്ചു. നൊബേല്‍ സമ്മാന ജേതാവായ ഡോ. നെര്‍മന്‍ ബോര്‍ലോഗ് വികസിപ്പിച്ച അത്യത്പാദന ശേഷിയുള്ള സൊണോറ-64 എന്ന കുള്ളന്‍ ഗോതമ്പ് ഇനങ്ങള്‍ സ്വാമിനാഥന്‍ ഡല്‍ഹിയില്‍ എത്തിക്കുകയും ഉള്‍പരിവര്‍ത്തനത്തിലൂടെ ഈ ഇനത്തില്‍ നിന്ന് ഷര്‍ബതി സോണോറ എന്ന പുതിയ വിത്തിനം വികസിപ്പിച്ചെടുക്കുകയും ചെയ്തു.
ഉയർന്ന വിളവുതരുന്നതും നല്ല ഗുണമേന്മയുള്ളതും രോഗരഹിതവുമായിരുന്നു ഈ വിള. പക്ഷേ, പുതിയയിനം സ്വീകരിക്കാൻ കർഷകർ മടിച്ചു. സ്വാമിനാഥന്റെ അശ്രാന്തപരിശ്രമഫലമായി 1964-ൽ, ഇവ പ്രദർശിപ്പിക്കാൻ ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ നിര്‍മ്മിച്ചു. പതുക്കെ, കർഷകരുടെ ഉത്കണ്ഠ കുറഞ്ഞു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ധാന്യങ്ങളിൽ അദ്ദേഹം കൂടുതൽ പരിഷ്‌ക്കരണങ്ങൾ വരുത്തി. പുതിയ ഗോതമ്പിനങ്ങൾ പാടങ്ങളിലെത്തി. 1968 ഓടെ ഉത്പാദനം 17 ദശലക്ഷം ടണ്ണായി ഉയർന്നു. മുമ്പത്തേതിനേക്കാള്‍ 5 ദശലക്ഷം ടൺ കൂടുതല്‍. 1947ല്‍ കേവലം ഏഴ് ദശലക്ഷം ടണ്‍ മാത്രമായിരുന്നു രാജ്യത്തിന്റെ ഗോതമ്പുല്‍പ്പാദനം. സ്വാമിനാഥന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ രാജ്യത്തിന്റെ പാടങ്ങളില്‍ കൊയ്ത്തിന്റെ നൂറുമേനികള്‍ തീര്‍ത്തു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അങ്ങനെ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന വിളിപ്പേര് ഇന്ത്യയുടെ നിറഞ്ഞ കലവറകള്‍ ഈ മഹാനായ ശാസ്ത്രജ്ഞനു ചാര്‍ത്തിക്കൊടുത്തു.
ഗോതമ്പിനൊപ്പം നെല്ലിലും പരീക്ഷണങ്ങള്‍ വിജയമായി. അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങളും വ്യാപിച്ചു. ഉയര്‍ന്ന രാസവളങ്ങള്‍, ജലസേചനം എന്നിവയോട് അനുകൂലമായി പ്രതികരിച്ച് അത്യുത്പാദനം നല്‍കുമെന്നതായിരുന്നു സ്വാമിനാഥന്‍ വികസിപ്പിച്ച വിത്തുകളുടെ പ്രത്യേകത. ഹരിതവിപ്ലവത്തോടെ ഏഴര പതിറ്റാണ്ടു കൊണ്ട് ഭക്ഷ്യോത്പാദനം ആറരയിരട്ടിയിലേറെ വര്‍ധിക്കാനുള്ള പ്രധാന കാരണക്കാരനും സ്വാമിനാഥന്‍ തന്നെ.
അതേസമയം, കുറച്ചുകാലത്തിനുശേഷം തന്റെതന്നെ വിജയങ്ങളില്‍ അദ്ദേഹം സന്ദേഹിയായി. അമിതമായ രാസവളപ്രയോഗങ്ങളുടെ ഉപയോഗത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ സ്വാമിനാഥനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധവാനായ സ്വാമിനാഥന്‍ തുടര്‍ന്ന്, പരിസ്ഥിതിസൗഹൃദപരമായ സുസ്ഥിര കാര്‍ഷികവികസനത്തിന്റെയും സുസ്ഥിരമായ ഭക്ഷ്യസുരക്ഷിതത്വത്തിന്റെയും ശക്തനായ പോരാളിയായി മാറി. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന സുസ്ഥിര കാര്‍ഷികവികസനം ഏറെമുമ്പേ ലോകത്തിനു മുന്നില്‍വെച്ച സ്വാമിനാഥനെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ‘പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ഏറ്റവുമധികം വാദിച്ച കൃഷിശാസ്ത്രജ്ഞന്‍ കൂടിയാണ് എം എസ് സ്വാമിനാഥന്‍. കൂടാതെ കര്‍ഷകരും കൃഷിത്തൊഴിലാളികളുമുള്‍പ്പെടെ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ പ്രശ്നങ്ങള്‍ ആദ്യമായി മുഖ്യധാരാചര്‍ച്ചകളിലേക്കു കൊണ്ടുവന്നതും അദ്ദേഹം തന്നെ.

    കേരളത്തിന്റെ കാര്‍ഷികവികസനത്തിലും നേതൃത്വപരമായി ഇടപെടലുകള്‍അദ്ദേഹം നടത്തി. അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരിക്കുമ്പോഴാണ് 1972 ല്‍ കേരള കാര്‍ഷികസര്‍വകലാശാല ആരംഭിക്കുന്നത്. സര്‍വകലാശാലയുടെ ആദ്യകാലവളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ പിന്തുണ അതുല്യമാണ്.

2021-ൽ കേരള ശാസ്ത്ര പുരസ്കാരം പുരസ്കാരം നല്‍കി സ്വദേശമായ കേരളം അദ്ദേഹത്തെ ആദരിച്ചു.
ഇന്ത്യ പലഘട്ടങ്ങളിലായി പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി സ്വാമിനാഥനെ അദരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരതരത്നവും. മാതൃരാജ്യത്തോടൊപ്പം ലോകവും ആ അതുല്യനായ ശാസ്ത്രജ്ഞനെ അംഗീകരിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പട്ടികയില്‍ സ്വാമിനാഥന്‍ ഇടം നേടി. ലോകത്തിന്റെ പട്ടിണിമാറ്റുന്നതില്‍ എം എസ് സ്വാമിനാഥന്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചായിരുന്നു അത്. ഏറ്റവും ശക്തരായ 20 ഏഷ്യക്കാരില്‍ ഒരാളായി ടൈം മാസിക അദ്ദേഹത്തെ തിരഞ്ഞെടുത്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോകസയന്‍സ് പുരസ്‌കാരം (1986), കാര്‍ഷികരംഗത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഫുഡ് പ്രൈസ് (1987) എന്നിവയും അദ്ദേഹത്തിനു ലഭിച്ചു.
ഭട് നഗർ അവാർഡ് (1961), മാഗ്സാസെ അവാർഡ് (1971), ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് (റോം) അദ്ധ്യക്ഷ പദവി (1987), വേൾഡ് ഫുഡ് പ്രൈസ് (1987), ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം (2000) എന്നിവ എം എസ് സ്വാമിനാഥനു ലഭിച്ച മറ്റുചില അംഗീകാരങ്ങളാണ്.
2023 സെപ്തംബര്‍ 28 ന് 98 -ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.