Menu Close

കരമന ഐ.എഫ്.എസ്.ആർ.എസിന് ദേശീയാംഗീകാരം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കരമന, ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിനുള്ള ദേശീയാംഗീകാരം നേടി. മോദിപുരത്തു നടന്ന ഓൾ ഇന്ത്യ കോഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓൺ ഇൻഡിഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് കീഴിലുള്ള ഗവേഷണകേന്ദ്രങ്ങളുടെ ദ്വിവത്സര കോൺഫറൻസിലാണ് ഏറ്റവും മികച്ച ഗവേഷണകേന്ദ്രമായി കരമന സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടത്. ചെറുകിടകർഷകർക്കായി നാല് ഐഎഫ്എസ് മോഡലുകൾ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനസർക്കാരും നാബാർഡുമായി ചേർന്ന് സംസ്ഥാനമൊട്ടാകെ .2 ഹെക്ടർ വീതമുള്ള 1000 സംയോജിത കൃഷിപ്ലോട്ടുകൾ സജ്ജമാക്കുന്നതിനും ഐ.എഫ്.എസ്.ആർ.എസ് കരമനക്കു കഴിഞ്ഞു. സംയോജിതകൃഷിക്കും നഗരകേന്ദ്രീകൃത കൃഷിക്കുമുള്ള സെന്റർ ഓഫ് എക്സലൻസ് ആയി സംസ്ഥാനസർക്കാർ തിരഞ്ഞെടുത്തതും ഈ ഗവേഷണ കേന്ദ്രത്തെയാണ്. കാർഷികസർവ്വകലാശാല പ്രൊഫസറും കേന്ദ്രം മേധാവിയുമായ ഡോ. ജേക്കബ് ജോൺ, അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ. മീര എ.വി., ഡോ. ബിന്ദു ജെ.എസ്. എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചത്. കേരളത്തിന് അനുയോജ്യമായ സംയോജിത കൃഷി മോഡൽ വികസിപ്പിച്ചതിനു ഡോ. ജേക്കബ് ജോൺ (ലീഡ് ഡെവലപ്പർ), ഡോ. കുരുവിള വർഗീസ്, ഡോ. പി. സുകുമാരി, ആർ. റാണി ബി, ഡോ. സുധ ബി., ഡോ. മീര എ. വി., ഡോ. ബിന്ദു ജെ. എസ് (അസോസിയേറ്റ് ഡെവലപ്പർമാർ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു .