Menu Close

ട്രൈക്കോഡെര്‍മയെ സ്നേഹിക്കാന്‍ എത്രയോ കാരണങ്ങള്‍

ചില ജീവികളങ്ങനെയാണ്. സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയെത്തന്നെ പിടിച്ചുതിന്നും. അതിനെ കാനിബാളിസം (Cannibalism) എന്നാണു പറയുന്നത്. രാജവെമ്പാല ഇത്തരത്തില്‍ സ്വന്തം വർഗ്ഗത്തിൽപ്പെട്ട പാമ്പുകളെ ആഹാരമാക്കുന്ന സ്വഭാവമുള്ള ജീവിയാണ്.
ഇത്തരം സ്വഭാവത്തെ മുതലെടുക്കാന്‍ നമ്മള്‍ മനുഷ്യര്‍ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്.
കച്ചി കെട്ടാൻ കയറ് കച്ചിയിൽനിന്നെടുക്കണമെന്നാണല്ലോ ചൊല്ലുതന്നെ. കാട്ടാനെത്തളക്കാന്‍ കുങ്കിയാനകളെയല്ലേ നാം വിടാറ്. അതുപോലെ കൃഷിയില്‍ ശല്യക്കാരായ കുമിളുകളെയും ബാക്ടീരികളെയും നശിപ്പിക്കാന്‍ നമ്മള്‍ അവരില്‍പ്പെട്ട ചിലരെത്തന്നെ കളത്തിലിറക്കും. കുമിളുകളെ (Fungus) നശിപ്പിക്കാൻ കഴിവുള്ള ഇത്തരം കുമിളുകള്‍ക്ക് മൈക്കോപാരസൈറ്റുകള്‍ (Mycoparasites) എന്നാണ് വിളിപ്പേര്. ‘മൈക്കോ’ (Myco) എന്നുപറഞ്ഞാൽ കുമിളുകൾ “കുമിളിനെ ചൂഷണം ചെയ്യുന്ന കുമിളുകൾ” അഥവാ കുമിള്‍പരാന്നഭോജികള്‍ എന്നര്‍ത്ഥം. ഇത്തരത്തില്‍ കുമിളുകളെ ഉപയോഗിച്ച് കൃഷിയിലെ ശല്യക്കാരായ മറ്റു കുമിളുകളെ ഇല്ലാതാക്കുന്ന നിയന്ത്രണത്തെ ജൈവികനിയന്ത്രണം (Biological control /Bio control ) എന്നാണ് പറയാറുള്ളത്.
മുകളില്‍പ്പറഞ്ഞ സ്വഭാവം കാണിക്കുന്ന ഒരു ചെങ്കീരിയാണ് ട്രൈക്കോഡെർമ (Trichoderma). ‘മരം വെട്ടാൻ ഉപയോഗിക്കുന്ന മഴുവിന്റെ കൈ മരം കൊണ്ടുണ്ടാക്കുന്നു’ എന്നതുപോലെ നമ്മുടെ കാർഷികവിളകളെ നശിപ്പിക്കുന്ന Pathogenic (രോഗകാരികളായ) ഫംഗസ്സുകളെയും ബാക്ടീരിയകളെയുമൊക്കെ നിഗ്രഹിക്കാൻ കഴിവുള്ള ഒരു ബ്രഹ്‌മാസ്ത്രമാണ് ട്രൈക്കോഡെർമ. നമ്മെ സംബന്ധിച്ചിടത്തോളം വലിയ ഉപകാരി. അതിനാല്‍ നമുക്കിനി ട്രൈക്കോഡെര്‍മയെ ട്രൈക്കോ അണ്ണന്‍ എന്നുവിളിക്കാം.
ട്രൈക്കോഡെർമ അഥവാ ട്രൈക്കോഅണ്ണന്‍ സർവ്വവ്യാപിയാണ്. മരങ്ങൾ ജീർണ്ണിക്കുന്നിടത്തും ജൈവാംശമുള്ള മണ്ണിലും വന്മരങ്ങളുടെ തൊലിപ്പുറത്തും ഒക്കെ ട്രൈക്കോഡെർമയുടെ സാന്നിധ്യമുണ്ട്. തന്തുരൂപത്തിൽ (filamentous ) ഉള്ള ഒരു കുമിൾ (Fungus ) ആണ് കക്ഷി.
കാർഷികവിളകളെ പൊതുവേ നശിപ്പിക്കാൻ വട്ടമിട്ടുനടക്കുന്ന കുറച്ച് സൂക്ഷ്മജീവികളുണ്ട്. അവയാണ് രോഗകാരികൾ (Pathogens). നമുക്കവറ്റകളെ വില്ലന്മാര്‍ എന്നുവിളിക്കാം. Pythium, Phytophthora, Fusarium, Ralstonia, Colletotrichum, Sclerotium, Rhizoctonia, Botrytis, Alternaria ഇവരൊക്കെയാണ് ആ വില്ലൻ സംഘത്തിൽ പെട്ടവർ. ഇവരെല്ലാം കൂടി ഒരു കൊല്ലം ഇന്ത്യയിൽ വരുത്തുന്ന സാമ്പത്തികനഷ്ടം എടുത്താൽ അനേക ലക്ഷം കോടികൾ വരും. കേരളത്തിൽ മാത്രം എടുത്താൽ തന്നെ Phytophthora എന്ന ഒറ്റയൊരുത്തൻ വരുത്തുന്ന സാമ്പത്തികനഷ്ടം ആയിരം കോടിയ്ക്കു മുകളിൽ പോകും. തെങ്ങിലെ കൂമ്പുചീയൽ, കുരുമുളകിലെ ദ്രുതവാട്ടം, കവുങ്ങിലെ മഹാളി എന്നിവയൊക്കെ ഈ വൃത്തികെട്ടവന്മാര്‍ മൂലം ഉണ്ടാകുന്ന പ്രധാന ഉവ്വാവുകളാണ്. പൈതിയം (Pythium) എന്ന പൈത്യക്കാരൻ ആണ് ഇഞ്ചിയിലെ ചുവടഴുകാൻ കാരണം. ഫുസാറിയം (Fusarium) എന്ന ക്രൂരനെയാണ് ലോകത്തെങ്ങുമുള്ള വാഴക്കർഷകർ ഭയക്കുന്നത്. ഇവയ്ക്കെതിരെ കോടിക്കണക്കിനു രൂപയുടെ കുമിൾനാശിനികളും തളിയ്ക്കപ്പെടുന്നു.
പ്രകൃതിയുണ്ടാക്കുന്ന ഓരോ പൂട്ടിന്റെയും താക്കോലും പ്രകൃതിയില്‍ത്തന്നെയുണ്ടാകും. മുകളില്‍പ്പറഞ്ഞ ശല്യക്കാരെപ്പൂട്ടാന്‍ പ്രകൃതി തന്നെ സൃഷ്‌ടിച്ച താക്കോലാണ് നമ്മുടെ അണ്ണന്‍ ട്രൈക്കോഡെര്‍മ. മണ്ണിലാണ് അണ്ണന്റെ ആറാട്ടെങ്കിലും വേണ്ടിവന്നാല്‍ തണ്ടിലും ഇലയിലുമൊക്കെക്കയറി അര്‍മാദിക്കാന്‍ കക്ഷിയ്ക്ക് ഒരു മടിയില്ല.
എങ്ങനെയൊക്കെയാണ് ട്രൈക്കോഡെര്‍മ അണ്ണന്റെ പ്രവർത്തനങ്ങള്‍ എന്നു നോക്കാം.

  1. Competition (മത്സരം) – കക്ഷിയെ ആദ്യമേ തന്നെ മണ്ണിൽ ഒരു സെക്യൂരിറ്റിയായി നിയമിച്ചാൽ മണ്ണിലുള്ള ഇരുമ്പിനെ (Fe ) മുഴുവൻ ആളങ്ങു വലിച്ചെടുക്കും. അതിനെ Siderophore എന്ന ഒരു സഞ്ചിയിൽ സൂക്ഷിച്ചുവച്ച് ചെടിയുടെ ഉപയോഗത്തിന് കൈമാറും. സൂക്ഷ്മജീവികൾക്ക് പൊതുവേ ഊർജ്ജവിനിമയത്തിന് (Energy Transfer)ന് ഇരുമ്പിന്റെ അയോണുകൾ വേണം. കോളനി പണിയാൻ മേല്പറഞ്ഞ ശല്യക്കാരന്മാര്‍ എത്തുംമുമ്പ് അതുമുഴുവൻ ട്രൈക്കോ അണ്ണന്‍ കീശയിലാക്കിയിട്ടുണ്ടാകും. ഇതോടെ ശല്യക്കാരന്മാരുടെ പണി പാളും. അണ്ണനോടാണ് കളി!
  2. ദഹിപ്പിക്കൽ (Enzymatic Digestion)- അണ്ണന്റെ കണ്ണുവെട്ടിച്ച് പത്മവ്യൂഹത്തിലെങ്ങാനും കടന്നാലോ അവന്റെ അവസാനമായി എന്നു പറഞ്ഞാല്‍മതി. തന്റെ Hyphae എന്ന വള്ളികൾകൊണ്ട് ട്രൈക്കോ അണ്ണന്‍ അവന്മാരെ വരിഞ്ഞുമുറുക്കും. എന്നിട്ട് Hydrolytic enzymes ആയ Glucanase, Chitinase, Protease എന്നിവ സ്രവിപ്പിച്ച് കടന്നുകയറ്റക്കാരെ തവിടുപൊടിയാക്കി മാറ്റും.
  3. Mycoparasitism -കുമിളുകളുടെയും ബാക്ടീരിയകളുടെയും കോട്ടകൊത്തളങ്ങളിൽ കടന്നുകയറി അവൻ സമ്പാദിച്ചുവച്ച ഭക്ഷണം മുഴുവൻ മോഷ്ടിച്ചുതിന്ന് അവമ്മാരെ പട്ടിണിയ്ക്കിടും. അണ്ണനാരാ മോന്‍! കൂടാതെ ചില ആന്റിബയോട്ടിക്കുകളായ Gliovirin, Harzianic acid, Alamethicin, Tricholin, Viridin എന്നിവ ഉത്പാദിപ്പിച്ചും Secondary metabolites ആയ Pyrones, Peptaibols, Terpenes എന്നിവ വഴിയും രോഗകാരികളുടെ കുലം മുച്ചൂടും മുടിപ്പിക്കും. ഒരു തരം ജൈവയുദ്ധമാണ് ട്രൈക്കോ അണ്ണന്‍ ചെയ്യുന്നത്.
  4. ചെടികളുടെ വേരുകളുമായി സഹവർത്തിച്ച് വളർച്ചയെ ഉദ്ദീപിപ്പിക്കുന്ന ഹോർമോണുകളായ Auxin, Cytokinins, Gibberlins എന്നിവ ഉത്പാദിപ്പിച്ച്,സസ്യവളർച്ചയുടെ ഗതിവേഗം കൂട്ടും.
  5. ചെടികളുടെ വേരുകളുടെ പുറംതൊലിയിൽ ഉളള കോശങ്ങളിൽ കടന്നുകൂടി (Endophytic) കൂടുതൽ പോഷകങ്ങൾ ഉപയോഗപ്പെടുത്താൻ ചെടിയെ പ്രോത്സാഹിപ്പിക്കും.
  6. ചെടിയുടെ ആന്തരിക പ്രതിരോധസംവിധാനങ്ങളെ (Internal Defence Mechanism) ഉണർത്തും.
  7. ഒരു വാക്സിന്‍ പ്രവർത്തിക്കുന്നതുപോലെ ചെടിയിയുടെ പ്രതിരോധശേഷിയെ തൊട്ടുണർത്തും (Triggering induced resistance )
    ഇത്രയൊക്കെ സേവനങ്ങൾ പോരേ ട്രൈക്കോ അണ്ണനെ ഇഷ്ടപ്പെടാന്‍?

ട്രൈക്കോഡെര്‍മയെ എങ്ങനെയൊക്കെ പ്രയോഗിക്കാം?
ജൈവവളങ്ങൾക്കൊപ്പം കലർത്തി മണ്ണിൽ അടിസ്ഥാനവളത്തിനൊപ്പം ചേർത്തുകൊടുക്കാം (Soil application).
വിത്തിൽ പുരട്ടി, തണലത്തുതോർത്തി വിതയ്ക്കാം. (Seed Treatment)
പറിച്ചെടുത്ത തൈകൾ ട്രൈക്കോഡെർമ ലായനിയിൽ മുക്കിവച്ചതിനു ശേഷം തടങ്ങളിൽ നടാം. (Seedling Dip)
തടങ്ങളിൽ ഒഴിച്ച്, മണ്ണ് കുതിർത്ത് കൊടുക്കാം. (Drenching )
അതിരാവിലെയോ വെയിലാറിയതിനു ശേഷമോ ഇലകളിൽ തളിച്ചുകൊടുക്കാം. (Foliar Application ).
ടാല്‍ക്കവുമായി കലർത്തിയ രൂപത്തിലും ലായനിരൂപത്തിലും ട്രൈക്കോഡെര്‍മ വിപണിയിൽ ലഭ്യമാണ്. കൃഷിവകുപ്പിന്റെയോ കാർഷികസർവ്വകലാശാലയുടെയോ അല്ലെങ്കിൽ പ്രശസ്തമായ കമ്പനികളുടെയോ ഉല്പന്നം നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. കൃഷിവകുപ്പിന്റെ കീഴിലുള്ള മണ്ണുത്തിയിലെ സംസ്ഥാന ജൈവനിയന്ത്രമ ലാബോറട്ടറിയിലും താങ്ങാവുന്ന വിലയ്ക്ക് ട്രൈക്കോഡെർമ ലഭ്യമാണ്. അവിടുത്തെ ഡെപ്യൂട്ടി ഡയറക്ടറുടെ നമ്പറിൽ വാട്സാപ് ചെയ്താൽ ലഭ്യതയറിയാം. ഫോണ്‍: +91 70125 91123
ഈ കുറിപ്പിന് ഒരു വാൽക്കഷ്ണം കൂടിയുണ്ട്. ട്രൈക്കോഡെർമ എന്ന ജനുസ്സിൽ ഏതാണ്ട് തൊണ്ണൂറ് സ്പീഷീസുകൾ ഉണ്ട്. അതിൽ Trichoderma viride, T. harzianum, T. hamatum, T. asperellum എന്നിവയാണ് മേൽപറഞ്ഞ ഗുണഗണങ്ങൾ കാണിക്കുന്ന പ്രധാന കക്ഷികൾ.
ട്രൈക്കോഡെർമ ചേർക്കുന്നതിന് മുൻപ് മണ്ണിലെ pH, കുമ്മായപ്രയോഗത്തിലൂടെ ക്രമീകരിക്കണം. ഒപ്പം വലിയ അളവിൽ മണ്ണിൽ ജൈവാംശവും ആവശ്യത്തിനുള്ള ഈർപ്പവും വേണം. ചൂട് 25-30 ഡിഗ്രിയിൽ നിലനിർത്തണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മണ്ണിന്റെ ആരോഗ്യം (Soil Health) മെച്ചപ്പെടും. മണ്ണാരോഗ്യം മെച്ചമെങ്കിൽ സസ്യാരോഗ്യ(Plant Health )വും മെച്ചപ്പെടും.
പറയുമ്പോൾ എല്ലാം പറയണമല്ലോ. Trichoderma longibracteatum, Trichoderma citrinoviride എന്നിവ മനുഷ്യരിലും infection ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. എല്ലാവരിലുമല്ല, പല കാരണങ്ങൾ കൊണ്ടും പ്രതിരോധശേഷി തകർന്ന ആളുകളിൽ മാത്രം. അതിപ്പം നമ്മൾ പോഷകം എന്നുപറയുന്ന പാൽ ദഹിക്കാത്ത എത്രയോ പേരുണ്ട്! അതീവ രുചികരമായ ചെമ്മീൻ അലർജിയായവരും ധാരാളമുണ്ടല്ലോ. എന്നുകരുതി ആരെങ്കിലും പാലിനെയോ ചെമ്മീനിനെയോ തള്ളിപ്പറയാറുണ്ടോ?
അപ്പോള്‍പ്പിന്നെ, കാര്യങ്ങളൊക്കെ ഇത്രയുമായ സ്ഥിതിക്ക്, മണ്ണാരോഗ്യം (Soil Health) ബലപ്പിക്കാന്‍ ട്രൈക്കോ അണ്ണനെ വിളിക്കാം, ല്ലേ?