Menu Close

കൂർക്കകൃഷി ആദായത്തിനും ആരോഗ്യത്തിനും

ഡോ. ടി, പ്രദീപ് കുമാർ, ഡോ. പ്രശാന്ത്, കെ. കേരള കാർഷികസർവകലാശാല

കിഴങ്ങുവർഗത്തിൽപെട്ട ഒരു ഭക്ഷ്യവിളയാണ് കൂർക്ക. ചൈനീസ്പൊട്ടറ്റോ എന്നും വിളിപ്പേരുണ്ട്. വളരെ സ്വാദിഷ്ടവും അതിലുപരി പോഷകസമൃദ്ധവുമായ കൂർക്ക മലയാളിക്ക് ഏറെ പ്രിയങ്കരമാണ്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും വിവിധ ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണ പ്രദേശങ്ങളിലും കൂർക്ക നന്നായിവളരും. കേരളത്തിൻ്റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വർഗവിളയാണ് കൂർക്ക. പ്രധാനമായും മധ്യകേരളത്തിൽ ഒരു പ്രധാന മഴക്കാലകിഴങ്ങുവർഗ്ഗവിളകൂടിയാണ് കൂർക്ക. തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂർക്കകൃഷി കൂടുതൽ വ്യാപകമായി കാണുന്നത്.

കൃഷിക്കാലം

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂർക്കയുടേത്. കേരളത്തിൽ ജൂലൈ മുതൽ ഒക്‌ടോബർ വരെയാണ് കൂർക്ക്കകൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം.

ഇനങ്ങൾ

കേരള കാർഷികസർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല, തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, എന്നിവ നല്ല ഉൽപ്പാദന ക്ഷമതയുള്ള ഇനങ്ങളാണ്.

നഴ്സറി

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കൂർക്കത്തലപ്പുകളാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. ഇതിനായി ഏപ്രിൽമാസാവസാനത്തോടുകൂടി കൃഷിപ്പണികൾ തുടങ്ങുന്നു. മണ്ണിളക്കി വാരങ്ങളെടുത്ത് ഇതിൽ കിഴങ്ങുകൾ നടുന്നു. ഇങ്ങനെ ഒരു ഏക്കർ സ്ഥലത്തേയ്ക്ക് നടുന്നതിനാവശ്യമായ തലകൾ/തണ്ടുകൾ ലഭിക്കുന്നതിനായി ഏകദേശം 70 മുതൽ 80 കിലോ കിഴങ്ങ് നഴ്സറിയിലേക്ക് വേണ്ടിവരും. തയ്യാറാക്കിയ വാരങ്ങളിൽ ഒരു ചാൺ അകലത്തിൽ കിഴങ്ങുകൾ നടാം. ആവശ്യാനുസാരം നനച്ചുകൊണ്ട് നഴ്‌സറി പരിപാലിക്കേണ്ടതാണ്. ഏകദേശം മൂന്നാഴ്ചകൾക്കു ശേഷം കൂർക്കത്തലകൾ പകമാകുന്നു. 10 മുതൽ 15 സെന്റീമീറ്റർ നീളത്തിലുള്ള തലപ്പുകൾ പ്രധാന കൃഷിയിടത്തിൽ നടുന്നതിനുവേണ്ടി മുറിച്ചെടുക്കാം.

കൃഷി രീതി

മണൽ കലർന്ന നല്ല നീർവാർച്ചയുള്ള പശിമരാശിമണ്ണാണ് കൂർക്കകൃഷിക്ക് അനുയോജ്യം. കരഭൂമിയിലും നെൽപ്പാടങ്ങളിലും കൃഷിചെയ്യാം. കൃഷി ചെയ്യാനുള്ള ഭൂമി നന്നായി കിളച്ചൊരുക്കി കട്ടകൾനീക്കി 90 സെന്റീമീറ്റർ വീതിയും 20 സെന്റീമീറ്റർ ഉയരവുമുള്ള വാരങ്ങളെടുത്ത് ഇതിൽ അടിവളമായി ഏക്കറിന് 4 ടൺ ജൈവവളവും 26 കിലോ യൂറിയ, 132 കിലോ രാജ്ഫോസ്, 40 കിലോ പൊട്ടാഷ് വളവും അടിവളമായി ചേർത്തുകൊണ്ട് കൂർക്കത്തലകൾ നടാം. അമ്ളാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗത്തിന് രണ്ടാഴ്ച്ചമുൻപായി ഏക്കറിന് 100 കിലോ മുതൽ 250 കിലോ വരെ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്തുകൊടുക്കണം. കൂർക്കത്തലകൾ 30 സെന്റീമീറ്റർ അകലത്തിൽ തടങ്ങളിൽ കിടത്തിയാണ് നടുക. നട്ട് 45 ദിവസത്തിനുശേഷം കളകൾ നീക്കം ചെയ്യുകയും മേൽവളമായി 26 കിലോ യൂറിയയും 40 കിലോ പൊട്ടാഷ് വളവും ചേർത്ത് മണ്ണുകയറ്റി കൊടുക്കുകയും വേണം. ഗ്രോബാഗിലും ചട്ടിയിലും കൂർക്ക നല്ല വിളവ് നൽകും. നടീൽമിശ്രിതത്തോടൊപ്പം ആവശ്യത്തിനു ജൈവവളകൂട്ടുകൂടി ചേർത്തുകൊണ്ട് ഗ്രോബാഗിൽ കൂർക്കത്തലകൾ നടാം. ഉണങ്ങിയ ചാണകപ്പൊടി (10 കിലോ), വേപ്പിൻപിണ്ണാക്ക് (1 കിലോ), രാജ്ഫോസ് (1 കിലോ), ചാരം (1 കിലോ) എന്നിവ കലർത്തി വളകൂട്ട് ഉണ്ടാക്കാം. നട്ട് ഒരുമാസം കഴിഞ്ഞ് വീണ്ടും ജൈവവളം ചേർത്തുകൊടുക്കേണ്ടതാണ്.

വിളവെടുപ്പ്

അഞ്ചുമാസം കൊണ്ട് കൂർക്ക വിളവെടുപ്പിനു പാകമാകുന്നു. വള്ളികൾ മഞ്ഞളിച്ച് ഉണങ്ങിത്തുടങ്ങുതാണ് കൂർക്ക വിളവെടുക്കാൻ പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾക്ക് ക്ഷതമേൽക്കാതെ മണ്ണുകിളച്ച് കൂർക്ക വിളവെടുക്കാം.

കീട-രോഗ നിയന്ത്രണം

ലേസ് വിങ്ങ് ചാഴി, ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻപുഴു എന്നീ കീടങ്ങളാണ് സാധാരണയായി കൂര്‍ക്കയെ ആക്രമിക്കാറുള്ളത്. ചാഴികൾ ഇലകളിൽനിന്ന് നീരൂറ്റിക്കുടിക്കുകവഴി ഇലകൾ ചുരുണ്ടുണങ്ങി ക്രമേണ കൊഴിഞ്ഞുപോകുന്നു. ഇലചുരുട്ടിപുഴുക്കൾ ഇലകൾ ചുരുട്ടി അതിനുള്ളിലിരുന്ന് ഇലകൾ തിന്നുനശിപ്പിക്കുന്നു. തണ്ടുതുരപ്പൻപുഴുക്കൾ ചെടിയുടെ ഇളംതണ്ടുതുരന്ന് അകത്ത് തുരങ്കങ്ങൾ ഉണ്ടാക്കി ഉള്ളിൽ ജീവിക്കുന്നു. കീടബാധയേറ്റ ചെടിയുടെ ഇലകൾ മഞ്ഞളിച്ചുണങ്ങുന്നു. ഇളം കൂമ്പുകൾ ഉണങ്ങുകയും തണ്ടുകൾക്കു വശങ്ങളിൽ കീറലുകൾ ഉണ്ടാകുകയും ചെയ്യും. വേരുകളെയും ഈ കീടം ബാധിക്കും. കൂർക്കയിൽ ഇത്തരം കീടാക്രമണം നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ എമൽഷൻ (20 മില്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി + 5 ഗ്രാം ബാർ സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുക.

കൂർക്കയിൽ പ്രധാനമായും കാണുന്ന രോഗങ്ങൾ തൈവാട്ടവും ഇലപുള്ളി രോഗവുമാണ്. തൈവാട്ടരോഗം ബാധിച്ച തൈകൾ കടഭാഗം അഴുകി ചീഞ്ഞു നശിച്ചുപോകുന്നു. ഇലപുള്ളിയുടെ രോഗലക്ഷണമായി ഇലകളിൽ വൃത്താകൃതിയിലുള്ള തവിട്ടുപുള്ളികൾ കണ്ടുതുടങ്ങുന്നു. ഈ പുള്ളികൾ പിന്നീട് വലുതായി ഇല മൊത്തമായി കരിഞ്ഞുണങ്ങുന്നു. കൂർക്കയിലെ ഇത്തരം കുമിൾ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച സസ്യങ്ങളെ നശിപ്പിച്ചശേഷം കോപ്പർ ഓക്സിക്ലോറൈഡ് 50 WP (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്ന കുമിൾനാശിനി തളിച്ചുകൊടുക്കുക.

കൂർക്കയെ ആക്രമിക്കുന്ന മറ്റൊരു പ്രധാന കീടമാണ് നിമാവിര. ചെറുതൈകളുടെ വേരിലൂടെ ചെടിയുടെ വേരിൻ്റെ അകത്തേക്ക് കടക്കുന്ന നിമാവിരകൾ ചെടിയുടെ വേരുകളിൽ മുഴകളും വ്രണങ്ങളും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി വേരുകളുടെ വളർച്ച മുരടിക്കുന്നു. ചെടികൾക്ക് വിളർച്ചയും വാട്ടവും ഉണ്ടാവുന്നു. ഇവയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിമാവിരയുടെ ആക്രമണം ഇല്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം നടീൽവസ്തുക്കൾ ശേഖരിക്കുക. വേനൽക്കാലത്ത് കൃഷിസ്ഥലം ആഴത്തിൽ കിളച്ച് സൂര്യതാപീകരണത്തിനു വിധേയമാക്കുക. നിമാവിരകളുടെ അക്രമണം കുറയ്ക്കുന്നതിനായി ഒരു കെണിവിളയായി മധുരക്കിഴങ്ങ് കൃഷിചെയ്യാവുന്നതാണ്. വിളയുടെ അവശിഷ്ടങ്ങൾ വേരോടെ പിഴുത് കത്തിച്ചുകളയണം.

നടീൽ വസ്തുക്കൾ തൃശൂര്‍ വെള്ളാനിക്കര പച്ചക്കറിശാസ്ത്രവിഭാഗത്തിൽ ലഭ്യമാണ്. ഫോണ്‍: 9188248481