പ്രോബയോട്ടിക്- വില്ലന്മാരെ പഞ്ചറാക്കുന്ന നായകര്‍
നമ്മുടെ ശരീരത്തിലെ സൂപ്പര്‍ഹീറോ പരിവേഷമുള്ളവരാണ് ‘നല്ലവരായ സൂക്ഷ്മജീവികള്‍’ (Beneficial Gut flora). നാം കഴിക്കുന്ന ആഹാരം നല്ലരീതിയില്‍ ദഹിപ്പിക്കുവാനും അതില്‍നിന്ന് പോഷകങ്ങളെ കടഞ്ഞെടുക്കാനും അവ സഹായിക്കുന്നു. മാത്രമല്ല, അവരുടെ ഇടിയും ചവിട്ടുംകൊണ്ടാണ് ഒരുമാതിരിപ്പെട്ട രോഗാണുക്കളൊക്കെ കണ്ടംവഴി ഓടുന്നതും. ഇത്തരം നല്ല സൂക്ഷ്മാണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുന്ന ഭക്ഷണങ്ങളെയാണ് പ്രോബയോട്ടിക് ഭക്ഷണങ്ങളെന്നു വിളിക്കുന്നത്. പ്രോബയോട്ടിക് എന്താണെന്നറിഞ്ഞാല്‍ മാത്രം പോരാ പ്രീബയോട്ടിക്കും അറിയണം. അതിന്റെ സെന്‍സ് അറിയണം. സെന്‍സിബലിറ്റി അറിയണം. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്നവർ പ്രീ ബയോട്ടിക്- പ്രോ ബയോട്ടിക് ഭക്ഷണങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാകണം എന്നര്‍ത്ഥം.
പ്രോബയോട്ടിക്- പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ എന്തെന്ന് മനസ്സിലാക്കാനായി നമുക്ക് ഒരു സൂപ്പർഹിറ്റ് സിനിമ കാണാം. അതിലെ താരങ്ങള്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രങ്ങള്‍ വളരെ നല്ലവരും വീരന്മാരുമാണ്. അവരെപ്പോലെയാണ് പ്രീ ബയോട്ടിക് ഭക്ഷണങ്ങള്‍. നമുക്ക് ഏറെഗുണം ചെയ്യുന്നവരും നമ്മുടെ ആരോഗ്യത്തിന്റെ രക്ഷകരുമാണ്. അതേസമയം, സിനിമയിലെ താരങ്ങളുടെ പ്രവര്‍ത്തിക്കുപിന്നിലെ ഊര്‍ജ്ജം അവര്‍ക്കുപിന്നില്‍ മറഞ്ഞിരിക്കുന്ന ചിലരാണ്. തിരക്കഥാകൃത്തിനെയും സംവിധായകനെയും പോലുള്ളവര്‍. താരങ്ങളുടെ കിടിലന്‍ ഡയലോഗിലും കിടുക്കന്‍ ആക്ഷനിലും മാസ് നിറയ്ക്കുന്നത് അവരാണ്. മനസ്സിലായോ? പ്രോ ബയോട്ടിക് ഉണ്ടെങ്കിലേ പ്രീ ബയോട്ടിക് ഉള്ളൂ സാറേ.
എന്തായാലും, അതിന്റെ സയന്‍സ് ഇതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിന് സൂക്ഷ്മജീവികളും അനിവാര്യമാണ്. നമ്മുടെ ആമാശയത്തിലോ ചെറുകുടലിലോ സൂക്ഷ്മജീവികളെ അധികം കാണാന്‍ കഴിയില്ല. വൻകുടലിന്റെ തുടക്കഭാഗമായ സീക്ക (caecum) ത്തിലാണ് അവ ഏറ്റവും കൂടുതലുള്ളത്. നാരുകൾ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ നിത്യാഹാരമാക്കിയാല്‍ മാത്രമേ സ്ഥിരമായും മതിയായ അളവിലും സൂക്ഷ്മജീവികള്‍ നമ്മളില്‍ നിലവില്‍ക്കൂ. അതിനായി ധാരാളം പച്ചക്കറികൾ, പ്രത്യേകിച്ചും ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, പച്ചക്കായ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിക്കേണ്ടതുണ്ട്. അവിയൽ, തോരൻ പോലെയുള്ളവ നമ്മുടെ ഭക്ഷണത്തിന്റെ ശീലമാക്കണം. ഗുണകരമായ ഇത്തരം സൂക്ഷ്മജീവികള്‍ (beneficial microorganisms) അടങ്ങിയ ഭക്ഷണത്തെയാണ് പ്രോബയോട്ടിക്സ് (pro biotics) എന്നു വിളിക്കുന്നത്. ഇത്തരം നല്ല ബാക്ടീരിയകളെ കിട്ടാനുള്ള ഒരു മികച്ച മാർഗം നമ്മുടെ മുൻതലമുറ കണ്ടെത്തിയിരുന്നു. അതായിരുന്നു പഴങ്കഞ്ഞി. അതുപോലെ യോഗട്ട്, തൈര്, ചീസ്, കഞ്ഞി, പാസ്ചറൈസ് ചെയ്യാത്ത അച്ചാറുകൾ, ഇഡ്ഡലി, ദോശ ഇവയൊക്കെയും പ്രോ ബയോട്ടിക്സാണ്. ഇത്തരം നല്ല ബാക്റ്റീരിയകൾ കുടലിലുണ്ടെങ്കിൽ രോഗകാരികൾ ഏറെക്കുറെ ഒഴിഞ്ഞു നിൽക്കും. നല്ല ബാക്ടീരിയകള്‍ നമ്മൾ കഴിക്കുന്ന നാരുള്ള ഭക്ഷണങ്ങൾ പ്രയോജനപ്പെടുത്തി അതിൽനിന്ന് SCFA (Short Chain Fatty Acids) ഉണ്ടാക്കും. അതിൽ പ്രധാനികൾ Acetates, Butyrates എന്നിവയാണ്. കൂടാതെ ശരീരത്തിൽ വിറ്റാമിൻ K പോലെയുള്ളവ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പ്രോ ബയോട്ടിക് ഭക്ഷണങ്ങള്‍ ശരീരത്തിന് കൂടുതൽ ബലവും പ്രതിരോധവും നൽകും.
നമ്മുടെ ശരീരത്തിലെ ഈ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക്സ് (pre biotics). പഴം, ഉള്ളി, വെളുത്തുള്ളി, കാബേജ് തുടങ്ങിയവയൊക്കെ പ്രീ ബയോട്ടിക്സാണ്. നമ്മുടെ താരങ്ങളുടെ കാര്യം പറഞ്ഞപോലെ പ്രോബയോട്ടിക് ഭക്ഷണത്തിലൂടെയെത്തുന്ന നല്ല ബാക്ടീരികളുടെ പ്രവര്‍ത്തനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്നദാതാക്കളാണ് പ്രീ ബയോട്ടിക്സ്. അവരില്ലെങ്കില്‍ നായകവേഷം വളരെ ക്ഷീണിക്കും. നല്ല ബാക്ടീരിയകള്‍ ശ്വാസകോശരോഗം ബാധിച്ച അണ്ണനെപ്പോലെ വലിച്ചുകൊണ്ടിരിക്കും. പ്രോ ബയോട്ടിക്- പ്രീ ബയോട്ടിക് ഭക്ഷണങ്ങളുടെ മിശ്രിതമാകണം നമ്മുടെ ഭക്ഷണമെന്നു ചുരുക്കം.
അപ്പോള്‍ നമുക്ക് പ്രോബയോട്ടിക്സിലൂടെ താരങ്ങളായ നല്ല സൂക്ഷ്മജീവികളെയും പ്രീബയോട്ടിക്സിലൂടെ അവരുടെ ശക്തിരഹസ്യത്തെയും ശരീരത്തിലേക്കു കൂട്ടിക്കൊണ്ടുവരാം. അവര്‍ നമുക്ക് അസുഖം വരുത്തുന്ന വില്ലന്മാരെ ഠമാര്‍, ഠമാര്‍ എന്ന് ഇടിച്ചു പഞ്ചറാക്കട്ടെ. അതുകണ്ട് നമുക്ക് കൈയടിക്കാം.