കേരള കാർഷിക സർവ്വകലാശാലയും ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും കാർഷിക ഗവേഷണ കൗൺസിലിലെ മുതിർന്ന ശാസ്ത്രജ്ഞരും നബാർഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യൻ സംഘം നവംബർ 15 മുതൽ 17 വരെ നടത്തിയ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി.അശോക് ഐ എ എസ് ഉം സംഘത്തിന്റെ ഭാഗമായിരുന്നു. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആൻഡ് വൈസ് പ്രസിഡണ്ട് പ്രൊ.ബർണി ഗ്ലോവർ , ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊ.ഡെബോറ സ്വീനി , പ്രൊ.ഇയാൻ ആൻഡേഴ്സൺ, ഡോ.വാലിഡ് ബക്രി തുടങ്ങിയവർ ഓസ്ട്രേലിയൻ സർവ്വകലാശാലയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
പി എച് ഡി ഗവേഷണ പ്രവർത്തനങ്ങളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും ഈ സന്ദർശനത്തിൽ തീരുമാനമായി. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് 3+1 വർഷ ബി എസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ ആരംഭിക്കുന്നതിനു ധാരണയായി. ആദ്യ 3 വർഷം കേരള കാർഷികസർവ്വകലാശാലയിൽ പഠിക്കുകയും തുടർന്ന് 1 വർഷം വിദ്യാര്ത്ഥികൾക്ക് വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനും ഇതുവഴി അവസരമൊരുങ്ങും. കാർഷിക സർവ്വകലാശാലയിലെ ബി ടെക്, ഫുഡ് ടെക്നോളജി, കോർപറേഷൻ ബാങ്കിങ് തുടങ്ങി വിവിധ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ കാലയളവിലെ ഒരു വർഷം വിദേശ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഗവേഷണ- തൊഴിൽ അവസരങ്ങളും ലഭ്യമാകും. ബിരുദ പഠനത്തെത്തുടർന്ന് ഓസ്ട്രേലിയൻ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടാകും.