കേരളത്തിന്റെ സ്വന്തം പഴം
ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും തിന്നും അടര്‍ന്നുവീണ് പറമ്പില്‍ച്ചിതറിയും തീര്‍ന്നിരുന്ന ജന്മശാപത്തില്‍ നിന്ന് ചക്ക സ്വര്‍ണമാകുന്ന നാളുകളാണ് ഇനി വരാന്‍ പോകുന്നത്. നമ്മുടെ ചക്ക ചെറുവിലക്ക് വാങ്ങി വടക്കേഇന്ത്യയില്‍ക്കൊണ്ടുപോയി ചുളയ്ക്കു വില പറഞ്ഞുവിറ്റുതുടങ്ങിയിട്ടും ചക്കയെ നമ്മള്‍ പരിഗണിച്ചുതുടങ്ങിയിരുന്നില്ല. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളിലൂടെ ചക്ക പതിയെ താരമാകാന്‍ തുടങ്ങുകയാണ്. സംരംഭകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വര്‍ണഖനിയാണ് നമ്മുടെ ചക്ക എന്ന് മനസ്സിലാക്കണം.
പോഷകഗുണം
പ്രത്യേകമായ ശ്രദ്ധയൊന്നുമില്ലാതെ, കീടനാശിനിയും രാസവളവുമില്ലാതെ നമ്മുടെ പറമ്പുകളില്‍ സുലഭമായി പ്ലാവ് വളരും. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യയോഗ്യമായ ഫലമാണ് ചക്ക. നിറത്തിന്റെ കാര്യത്തിലും സുഗന്ധത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്‍ ആണ്. പോഷകങ്ങളുടെ കാര്യത്തില്‍ രാജാവ്. വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇടിച്ചക്ക. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് ംവിറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ പ്രതിരോധിക്കാനും ചക്കയ്ക്ക് കഴിവുണ്ട്. കുടല്‍വ്രണത്തിനും ചക്ക നല്ലൊരു പ്രതിവിധിയാണ്. ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്. ഇതൊക്കെക്കൊണ്ട് ആഗോളമാര്‍ക്കറ്റില്‍ ചക്കയ്ക്ക് ഏറെ പ്രിയമാണ്.
ഭാവിയുടെ പഴം
ചക്കയുടെ ജന്മദേശം തെക്കേയിന്ത്യയാണ്. നമ്മുടെ മണ്ണില്‍ പിറന്ന വൃക്ഷം. സായിപ്പ് ജാക്ക് എന്നാണ് ചക്കയെ വിളിക്കുന്നത്. നമ്മുടെ ചക്കയില്‍നിന്നാണ് ജാക്ക് എന്ന പദമുണ്ടായതുതന്നെ. ഒന്നു മനസ് വച്ചാല്‍ ചക്ക നമ്മുടെ ജീവിതം മാറ്റിമറിക്കും.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ ഗാര്‍ഡിയന്‍ ഈയിടെ പ്രസിദ്ധീകരിച്ച ലേഖന ത്തില്‍ ഭാവിയിലെ ഭക്ഷ്യപ്രതിസന്ധിക്കുള്ള പരിഹാരമായി ചക്കയെ നിര്‍ദ്ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാരണം വരും വര്‍ഷങ്ങളില്‍ ഗോതമ്പും അരിയും ചോളവും ഉള്‍പ്പെടെയുള്ള പ്രമുഖ ധാന്യവിളകളുടെ ഉത്പാദനം കുത്തനെ ഇടിയാനുള്ള സാധ്യത കാണുന്നു. ഇത് പ്രാദേശിക ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കും. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള വിളകളുടെ കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ പ്ലാവിനെയും കണക്കുകൂട്ടുന്നു.
ചക്ക അതിന്റെ വലിപ്പം പോലെ തന്നെ വലുതാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഇല്ലെങ്കില്‍ ബാക്കികൂടി അറിഞ്ഞാല്‍ മനസ്സിലാകും.
പാഴാകുന്ന കോടികള്‍
കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക്. ഈ പ്ലാവുകളില്‍ നിന്നൊക്കെയായി ഒരു വര്‍ഷം ശരാശരി 38 കോടി ചക്കകള്‍ ഉണ്ടാകുന്നു. ഇതില്‍ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് 25 ശതമാനം മാത്രം. അതായത് 9.6 കോടി ചക്ക. ഉപയോഗിക്കപ്പെടാതെ പോകുന്നത് 28.8 കോടി. ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏകദേശം 50,000 ടണ്‍ എന്നാണ് കണക്ക്. ചക്കയുടെ ശരാശരി ഭാരം ഒന്നിന് 10 കി.ഗ്രാം എന്നുകൂട്ടിയാല്‍ 50 ലക്ഷം ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് കണക്കാക്കാം.
ശരാശരി ഒരു ചക്കയ്ക്ക് എട്ടു രൂപയാണ് നമ്മള്‍ വാങ്ങുന്നത്. തമിഴ്നാട്ടിലെത്തിയാല്‍ 25 രൂപയാണ് വില. ഉത്തരേന്ത്യയിലെത്തിയാല്‍ വില 300-400 രൂപയാണ്. അനവിടെ ഇത് ധനികരാണ് പൊതുേ ഉപയോഗിക്കുന്നത്, ഇറച്ചിക്കു പകരമായാണ് അവര്‍ ചക്കയെ കാണുന്നത്. വില കൂടുതലായതിനാല്‍ ധനികരാണ് കൂടുതലും ഉപയോഗിക്കുന്നത്.
25 രൂപയ്ക്ക് വിറ്റുകളയുന്ന ചക്ക മനസ്സുവച്ചാല്‍ 1000 രൂപ ഉണ്ടാക്കാന്‍ കഴിയും. മനസ് വച്ചാല്‍ ഒരു ചക്കയില്‍നിന്നും 3000 രൂപ വരെ ഉണ്ടാക്കാമെന്നാണ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ പറയുന്നത്.
കേരളത്തോളം ചക്ക ഉത്പാദനമില്ലാത്ത വിയറ്റ്‌നാമില്‍ വാക്വം ഫ്രൈഡ് ചിപ്‌സ് ഉണ്ടാക്കി വിദേശനാമ്യം വന്‍തോതില്‍ നേടുന്ന ഇരുപതോളം വറ്റല്‍ കമ്പനികളാണ് ഉള്ളത്. ലോകത്തെ അറിയപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളാണ്. മലേഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ചക്കയില്‍നിന്നു പണം വാരുന്നു.
ഇനി മെക്സിക്കോയുടെ കാര്യമെടുക്കാം,. 1984ലാണ് മെക്സിക്കോയില്‍ ചക്ക പിടിക്കാന്‍ തുടങ്ങിയത്. ഇന്നവര്‍ 3000 കിലോമീറ്റര്‍ ദൂരം ശീതികരിച്ച കണ്ടൈനറുകളില്‍ ചക്ക കയറ്റി അമേരിക്കയിലേക്കയച്ച് കോടികള്‍ ഉണ്ടാക്കുന്നു.
ചക്കയെ സ്വര്‍ണ്ണമാക്കിമാറ്റുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍
കറിവയ്ക്കാനും പഴുപ്പിച്ചു കഴിക്കാനും മാത്രമാണ് നമുക്ക് ചക്ക. കൂടിപ്പോയാല്‍ ചക്ക വറ്റലാക്കും. ചക്കവരട്ടും. അത്രമാത്രം. അതിനപ്പുറം പോയാല്‍ ചക്കപ്പായസം. എന്നാല്‍ ചക്കയില്‍ നിന്ന് നൂറ്റിയമ്പതിലേറെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
ചക്കവറ്റലിന്റെ കാര്യം നമുക്കറിയാം. കേരളത്തിനുള്ളില്‍ തന്നെ വലിയ വിപണിയാണ് ചക്കവറ്റലിനുള്ളത്. പരമ്പരാദത രീതിയിലുള്ള ചക്കവറ്റല്‍ എണ്ണയില്‍മുക്കിയിട്ടാണ് വറുക്കുന്നത്. പരമാവധി ഒരു മാസം വരെ സൂക്ഷിച്ചുവയ്ക്കാനാവും. എന്നാല്‍ വാക്വം ഫ്രൈയിങ് ടെക്നോളജിയലൂടെ എണ്ണയുെട ഉപയോഗം കുറയ്ക്കാനും വറ്റല്‍ കൂടുതല്‍ ആരോഗ്യകരമാക്കാനും കഴിയും. വറ്റലിന്റെ നിറവും പോഷകവും ഈ രീതിയില്‍ നിലനിര്‍ത്താനാകും. പരമ്പരാഗതരീയില്‍ നിന്നും തൊണ്ണൂറ് ശതമാനത്തോലം എണ്ണ ഉപയോഗം കുറയ്ക്കാനാകും.
ഇതുപോലെ സാധ്യതയുള്ളതാണ് ഉണക്കിയെടുത്ത ചക്കപ്പഴം. ഒരു വര്‍ഷം വരെ ഇതു കേടുകൂടാതെ സൂക്ഷിക്കാനാവും. വിദേശത്ത് നല്ല പ്രിയമുള്ള വിഭവമാണ് ഇത്.
ചക്ക വരട്ടി നമ്മുടെ മറ്റൊരു പരമ്പരാഗത വിഭവമാണ്. സാധാരണ ഗതിയില്‍ മൂന്നുമാസമാണ് കാലവധിയെങ്കിലും ആധുനിക പാക്കിങ് രീതി ഉപയോഗിച്ചാല്‍ ഏറെ നാള‍്‍ സൂക്ഷിച്ചുവയ്ക്കാനവകും.
പോഷകങ്ങളാല്‍ സമൃദ്ധമാണ് ചക്കക്കുരു പൊടി. ഗ്ലൂട്ടണ്‍ ഇല്ലാത്തതിനാല്‍ ഗോതമ്പ്മാവിനു പകരമായി ഇത് ഉപയോഗിക്കുന്നുണ്്ട. ഗോതാമ്പ് മാവ്, റാഗി, ചോളം, അരി, പഴം എന്നിവയോടൊപ്പവും ചക്കക്കുരു പൊടിച്ചത് ഉപയോഗിക്കുന്നു, നാട്ടിലും പുറ്ത്തും നല്ല
വിളഞ്ഞ ചക്കച്ചുളിയില്‍നിന്നുണ്ടാക്കുന്ന ചക്കപ്പൊടിക്ക് മഞ്ഞ കലര്‍ന്ന വെള്ള നിറമാണ്. ഇത് പുട്ട്. ഇഡ്ഡലി, ചപ്പാത്തി, കുമ്പിളപ്പം, ഉപ്പുമാവ്, പപ്പടം തുടങ്ങിയ പരലഹാരങ്ങള്‍ ഉണ്ടക്കാനായി ഉപയോഗിക്കാം. ഡയബറ്റീസുകാര്‍ക്കും ഉപയോഗിക്കാം. ചപ്പാത്തിയുണ്ടാക്കുമ്പോള്‍ ഗോതമ്പ്പൊടിയോട് കലര്‍ത്തിയും ഉപയോഗിക്കാം.
പഴുത്ത ചക്കച്ചുള നിര്‍ജ്ജലീകരണം നടത്തി പ്രോസസ് ചെയ്തെടുത്താല്‍ മധുരമുള്ള സ്നാക്ക് ആയി ഉപയോഗിക്കാം. ലോകത്തെവിടെയും വിപണി കിട്ടുന്ന ഉല്‍പ്പന്നമാണിത്.
ചക്ക കൊണ്ട് വൈന്‍ ഉണ്ടാക്കാം. ചക്ക കൊണ്ട് ബിയറും ഉണ്ടാക്കാം. ഇതിനുള്ള നിയമപരമായ അനുമതിക്കായി കേരള കൃഷി വകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്ഥിതി മാറിയിരിക്കുകയാണ്. ഇന്ന് ചക്കയില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന നിരവധി സംരംഭകര്‍ കേരളത്തിലുണ്ട്. പാലാ വെളിയന്നൂര്‍ മൂലക്കാട്ട് ജയിംസ് ജോസഫ് അതിലൊരാളാണ്. ജാക്ക് ഫ്രൂട്ട് 365 എന്ന അദ്ദേഹത്തിന്റെ കമ്പനി ഇന്ന് ലോകമെമ്പാടും ചക്കയില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. നിരവധി കുടുംബശ്രീകളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും ചക്കയില്‍നിന്ന് ഡോളര്‍ നേടിത്തുടങ്ങിയിട്ടുണ്ട്.
ചക്കയില്‍നിന്ന് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ആഗോള നിലവാരത്തിലുള്ള പാക്കിങ്-വിപണനസാങ്കേതികവിദ്യകള്‍ക്കും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അഗ്രിബിസിനസ് ഇന്‍കുബേറ്റര്‍ സംരംഭകര്‍ക്ക് പൂര്‍ണപിന്തുണ നല്‍കും. അവരുടെ തൃശൂര്‍ വെള്ളാനിക്കരയിലുള്ള ഓഫീസിന്റെ നമ്പര്‍ 0487 2438332 ആണ്. ഡോ. കെ പി സുധീര്‍ ആണ് നിലവില്‍ കേന്ദ്രത്തിന്റെ മേധാവി.
ഇതാണ് സമയം. അധ്വാനിക്കാനുള്ള മനസ്സും സംരംഭകശേഷിയും ഉണ്ടെങ്കില്‍ ദയവായി ചക്ക കൈയിലെടുത്തോളൂ. ചക്ക ചതിക്കില്ല.