Menu Close

കൃഷിസമ്യദ്ധിയുടെ ഉദ്ഘാടനം തൃത്താലയില്‍

ഞങ്ങളും കൃഷിയിലേക്ക്” എന്ന ജനകീയപദ്ധതിയുടെ രണ്ടാംഘട്ടമായ കൃഷിസമ്യദ്ധി പദ്ധതിയുടെ ഉദ്ഘാടനം തൃത്താലയില്‍. വി.കെ കടവ് ലുസൈൽ പാലസിനു സമീപം 2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം 3.30 നു നടക്കുന്ന ഉദ്ഘാടന സമ്മേളനം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പുമന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ എം.പി മാർ, എം.എൽ.എ മാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കൃഷിക്കൂട്ടങ്ങളെ ശാക്തീകരിച്ചുകൊണ്ട് കർഷകോല്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ സമഗ്ര കാർഷികവികസനവും ലക്ഷ്യമാക്കി ആവിഷ്ക്കരിച്ച പദ്ധതിയാണ് കൃഷിസമ്യദ്ധി. വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്കും യൂണിറ്റുകൾക്കും ഊന്നൽ കൊടുത്തുകൊണ്ട് കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും വിഭവ സംയോജനത്തിലൂടെ കേരളത്തിലെ 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 107 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ സമഗ്ര കർമ്മ പദ്ധതി പങ്കാളിത്ത രീതിയിൽ നടപ്പിലാക്കുന്നത്.