ആടു വസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചു. ഒന്നാം ഘട്ട കുത്തിവയ്പ് ക്യാമ്പയിന് 2024 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 5 വരെയാണ്. 4 മാസത്തിനു മുകളില്‍ പ്രായമുളള ആടുകളെയും ചെമ്മരിയാടുകളെയും നിര്‍ബന്ധമായും ആടുവസന്ത പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കേണ്ടതാണ്. കേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസേഴ്സ്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് എന്നിവര്‍ വീടു വീടാന്തരം എത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും കുത്തിവയ്പ്പിന്റെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതുമായിരിക്കും. ഇത് സംബന്ധിച്ച ഡാറ്റാ ശേഖരണം ദേശീയതലത്തിലുളള ഭാരത് പശുധന്‍ പോര്‍ട്ടല്‍ മുഖേനയാണ്. രാജ്യത്തു നിന്നും PPR എന്ന ആടുവസന്ത രോഗം 2030 ഓടുകൂടി ഇല്ലാതാക്കാനാണ് PPR Eradication Programme കൊണ്ട് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വാക്സിനേഷന് തികച്ചും സൗജന്യമായാണ് നല്‍കുന്നത്.