കേരളത്തിലെ ആഭ്യന്തരപച്ചക്കറി ഉത്പാദനത്തെപ്പറ്റി ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൃഷിമന്ത്രി പി. പ്രസാദ്, കേരള കാർഷികസർവകലാശാലയിൽനിന്നു പുറത്തിറക്കിയ ഹൈബ്രിഡ് ഇനങ്ങള്‍ നമ്മുടെ പച്ചക്കറിയുൽപാദനം വർദ്ധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നതായി ചൂണ്ടിക്കാട്ടി. കാർഷികസർവകലാശാല പുറത്തിറക്കിയ 89 പച്ചക്കറിയിനങ്ങളിൽ പത്തെണ്ണം ഹൈബ്രിഡുകളാണ്. ഇവയുടെ വിത്തുല്പാദനത്തിനായി പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. തദ്ദേശീയമായ പച്ചക്കറികളുടെ ജനിതകവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. കാർഷികസർവകലാശാല പുറത്തിറക്കിയ മിക്ക പച്ചക്കറിയിനങ്ങളും കേരളത്തിലെ നാടനിനങ്ങളിൽനിന്ന് വികസിപ്പിച്ചവയാണ്. സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ ഡോ .പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടായി നടന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഫലമായി, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വെള്ളരിവർഗ്ഗ വിളകളിൽ ഹൈബ്രിഡുവിത്തുകൾ പുറത്തിറക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കുരുവില്ലാത്ത തണ്ണിമത്തൻ ഹൈബ്രിഡുകളായ സ്വർണ്ണയും ശോണിമയും ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ത്യയിൽ ഇന്ന് കേരള കാർഷിക സർവകലാശാലയിൽനിന്നു മാത്രമേ കുരുവില്ലാത്ത തണ്ണിമത്തന്റെ ഹൈബ്രിഡുവിത്തുകൾ വിതരണം ചെയ്യുന്നുള്ളൂ. പുതിയതായി വികസിപ്പിച്ച കുരുവില്ലാത്ത ഓറഞ്ച് തണ്ണിമത്തൻ, ഈ ഗവേഷണരംഗത്ത് സർവകലാശാലയുടെ മികവിനുദാഹരണമാണ്. ഇവയുടെ വിത്ത് ഉല്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വകാര്യകമ്പനികൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും സർവകലാശാല കൈമാറിയിട്ടുണ്ട്. വെള്ളരിവർഗ്ഗ വിളകളിൽ അത്യപൂർവ്വമായ പരാഗവന്ധ്യത (male sterility) എന്ന പ്രതിഭാസം ഉപയോഗിച്ച് പീച്ചിങ്ങയിൽ KRH-1 എന്ന ഹൈബ്രിഡ് ഇവിടെനിന്ന് വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗൈനീഷ്യസ് (പെൺചെടികൾ) സാങ്കേതികവിദ്യ ഉപയോഗിച്ച് കക്കരിയിലും പാവലിലും നാല് ഹൈബ്രിഡുകൾ പുറത്തിറക്കാന്‍ കഴിഞ്ഞു. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ പാവല്‍ ഹൈബ്രിഡുകളായ പ്രജനി, പ്രഗതി എന്നിവയുടെ പേരുകള്‍ നിയമസഭയിൽ കൃഷിമന്ത്രി പ്രത്യേകം പരാമർശിച്ചു. ഗൈനീഷ്യസ് സാങ്കേതികവിദ്യ, പരാഗവന്ധ്യത എന്നീ പ്രതിഭാസങ്ങൾ ഉപയോഗിച്ച് തുറസ്സായ സ്ഥലത്ത് തേനീച്ച വഴി ഹൈബ്രിഡ് വിത്ത് ഉൽപാദനം സാധ്യമാകുന്നു. ഇതുവഴി ഹൈബ്രിഡ് വിത്ത് ഉത്പാദനത്തിനുള്ള ചിലവ് കുറയ്ക്കാനും ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തു ഉണ്ടാക്കാനും മനുഷ്യാധ്വാനം കുറയ്ക്കാനും കഴിയും. ഹൈബ്രിഡ് വിത്ത് ഉൽപാദനത്തിനുള്ള ഏറ്റവും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യയാണ് കാർഷികസർവ്വകലാശാലയിൽ വികസിപ്പിച്ചിരിക്കുന്നത്. പോളി ഹൗസ് കൃഷിക്ക് ഉപയുക്തമായ KPCH-1 എന്ന കക്കരിയിലെ ഹൈബ്രിഡ് ഇനം ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച വിളവ് നൽകുകയുണ്ടായി. സ്വകാര്യ കമ്പനികളിൽ നിന്നുള്ള വിലകൂടിയ വിത്തുകളെ അപേക്ഷിച്ച് ഗുണമേന്മയുള്ള KPCH-1 ഹൈബ്രിഡ് വിത്തുകൾ കാർഷിക സർവകലാശാല കുറഞ്ഞ വിലയിൽ ഇന്ത്യയൊട്ടുക്കും ഉള്ള കർഷകർക്ക് നൽകുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞവർഷം 15 ടണ്ണോളം ഹൈബ്രിഡ് വിത്തുകൾ സ്വകാര്യ കമ്പനികൾ വിറ്റഴിക്കുകയുണ്ടായി. പാവൽ, മത്തൻ, വെണ്ട എന്നീ വിളകളിലാണ് ഏറ്റവും കൂടുതൽ ഹൈബ്രിഡ് വിത്തുകൾ വിപണനം ചെയ്യപ്പെട്ടിട്ടുള്ളത്. ഹൈബ്രിഡ് വിത്ത് എന്ന പേരിൽ കുരുത്തോലപ്പയറിന്റെ വിത്തും സ്വകാര്യകമ്പനികൾ വിപണനം ചെയ്യുന്നുണ്ട് സ്വാഭാവികമായി സ്വയം പരാഗണം നടക്കുന്ന പയറിൽ ഹൈബ്രിഡ് വിത്ത് ഉൽപാദനം വളരെ ക്ലേശകരമാണെന്നിരിക്കെ ഹൈബ്രിഡ് എന്ന ബ്രാൻഡ് ഉപയോഗിച്ചുകൊണ്ട് പയർ വിത്തുകൾ വിപണനം ചെയ്യുകയാണ്. കേരള കാർഷിക സർവകലാശാലയിലെ വെള്ളാനിക്കരയിൽ ഉള്ള പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ നിന്നും ചെലവ് കുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇവ നിശ്ചിത ശതമാനം ലൈസൻസ് ഫീസ് ഈടാക്കിക്കൊണ്ട് സ്വകാര്യമേഖലക്കും പൊതുമേഖലക്കും സർവ്വകലാശാല കൈമാറി കൊണ്ടിരിക്കുകയാണ്. ഈ ഹൈബ്രിഡ് വിത്തുകൾ K-seed എന്ന ബ്രാൻഡിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ വിപണനം ചെയ്യാൻ വളരെയേറെ സാധ്യതയുണ്ട്. പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും ഏറ്റവും ഗുണമേന്മയുള്ള ഇനങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതിനും ഈ ഹൈബ്രിഡുകൾ വഴിയൊരുക്കും.
പച്ചക്കറിയിൽ പുതുപ്രതീക്ഷയായി ഹൈബ്രിഡ് വിത്തുകൾ
