Menu Close

ചെമ്പൻചെല്ലിയെ നിയന്ത്രിക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതി

കേരളത്തില്‍ ചെമ്പന്‍ചെല്ലിയുടെ ഉപദ്രവം പലപ്പോഴും പൊറുതിമുട്ടിക്കുന്ന അവസ്ഥയിലേക്ക് കര്‍ഷകരെ കൊണ്ടുപോകാറുണ്ട്. ചെമ്പന്‍ചെല്ലി പ്രതിരോധത്തിന്റെ മാര്‍ഗങ്ങളെക്കൊണ്ട് ഓരോ കര്‍ഷകരും അറിഞ്ഞിരിക്കേണ്ടതാണ്.

ചെമ്പന്‍ചെല്ലി
റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പന്‍ചെല്ലിയുടെ ശാസ്ത്രനാമം. പറക്കാൻകഴിവുള്ള വണ്ടിന്റെ ഇനത്തിൽപ്പെട്ട ഒരു ഷഡ്പദമാണ് ഇത്. അരക്കേഷ്യ കുടുംബത്തിൽപ്പെട്ട തെങ്ങ്, ഈന്തപ്പന, എണ്ണപ്പന തുടങ്ങിയ കൃഷികളെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കീടങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചവയാണ്. ഇക്വഡോറിലും ആഫ്രിക്കയുടെ ചിലപ്രദേശങ്ങളിലും ചെമ്പൻ ചെല്ലിയുടെ ലാർവകൾ വിശിഷ്ടഭക്ഷണമാണ്. തെങ്ങുപോലെ നാരുകളുള്ള മരങ്ങളുടെ തടിതുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർധന നടത്തുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. തൈത്തെങ്ങുകൾ മുതൽ 20 വയസ്സുവരെയുള്ള തെങ്ങുകളെയാണ് ഇതു ബാധിക്കുന്നത്.

ലക്ഷണങ്ങള്‍
തെങ്ങിന്റെ തടിയിൽ മണ്ടയോടടുത്ത് ദ്വാരങ്ങൾ വീണ് അതിലൂടെ തവിട്ടുകലർന്ന ബ്രൗൺ നിറത്തിൽ ഒരുദ്രാവകം ഒലിച്ചിറങ്ങുന്നതാണ് ചെമ്പന്‍ചെല്ലി ആക്രമണത്തിന്റെ ആദ്യലക്ഷണം. കൂമ്പോലകളും ഇടയോലകളും വാടിപ്പോവുക, തെങ്ങിന്റെ നാരുകൾ കൊണ്ടുള്ള കൂടുകൾ മണ്ടയിലെ ദ്വാരകത്തിനടുത്തുകാണുക, ഓലമടലിന്റെ അടിവശം അകാരണമായി പിളരുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. തവിട്ടുദ്രാവകമൊലിക്കുന്നതിന് തെങ്ങിനുണ്ടാകുന്ന ചെന്നീരൊലിപ്പുമായി സാമ്യം കണ്ടേക്കാം. പക്ഷേ ചെന്നീരൊലിപ്പ് തെങ്ങിന്റെ മണ്ടയ്ക്കടുത്ത ഭാഗത്തുനിന്നല്ല മുരടിൽനിന്ന് രണ്ടടി മുകളിലായാണ് കാണപ്പെടുക എന്ന വ്യത്യാസമുണ്ട്. ചെമ്പൻചെല്ലിയുടെ ദ്വാരങ്ങൾ അധികവും തെങ്ങിന്റെ നാരുകൾ ദൃഢമാകാത്ത ഭാഗത്താണ് കാണുക. ദ്വാരത്തിനടുത്ത് ചെവിയോർത്താൽ ചെല്ലി തെങ്ങിൻ കാമ്പ് കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം. രൂക്ഷമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ തെങ്ങിന്റെ മണ്ടതന്നെ ചിലപ്പോൾ ഒടിഞ്ഞുതൂങ്ങാനും സാധ്യതയുണ്ട്.

തടയാനുള്ള മാര്‍ഗങ്ങള്‍
പതിവായി തോട്ടം സന്ദർശിക്കുകയും ആരംഭദശയിൽ തന്നെ കീടബാധ കണ്ടെത്തുകയും വേണം.
പച്ചമടലുകൾ വെട്ടുമ്പോൾ ഒരു മീറ്റർ മടൽ നിർത്തി വെട്ടുക.
തെങ്ങിൽ മുറിവുണ്ടാകാതെ നോക്കുക.
മണ്ടചീയൽ/ഓലചീയൽ യഥാസമയം നിയന്ത്രിക്കുക.

കൊമ്പൻചെല്ലിക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് ചെമ്പൻചെല്ലിയേയും അകറ്റി നിർത്താൻ സഹായമാകും.
ചെമ്പൻചെല്ലി ബാധിച്ച തെങ്ങുകൾക്ക് ഇമിഡാക്ലോപ്രിഡ് (Imidachlorprid) 1 മി.ലി 1 ലിറ്റർ വെള്ളത്തിൽക്കലക്കി ചെല്ലിബാധയേറ്റ ഭാഗത്തുകൂടി ഒഴിച്ചുകൊടുക്കുക.
ഓലക്കവിളുകളിൽ കൂടിയാണ് ചെല്ലി ബാധിച്ചതെങ്കിൽ പുഴുക്കൾ തടിയിലുണ്ടാക്കിയ ദ്വാരങ്ങൾ സിമൻറോ മണ്ണോ ഉപയോഗിച്ച് അടക്കുക. ഏറ്റവും മുകളിലുള്ള ദ്വാരത്തിൽ കൂടി കീടനാശിനി ലായനി തെങ്ങിൻതടിക്കകത്തേക്ക് ഒഴിച്ചുകൊടുക്കണം.
വീണ്ടും ലക്ഷണം കണ്ടാൽ ഒന്നു കൂടി ആവർത്തിക്കണം.

ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ വിചാരിച്ചാല്‍ മികച്ച ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി. വളരെ ഫലപ്രഥമായ ജൈവമിത്ര കീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുറഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്. കാർബറിൽ എന്ന കീടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർവെള്ളത്തിൽ കലക്കിത്തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്.
അരമീറ്റർ നീളമുള്ള മുറിച്ചിട്ട തെങ്ങിൻ തലപ്പുകൾ കൊണ്ടും ചെമ്പൻചെല്ലിയെ പ്രതിരോധിക്കാം. അവ നെടുകെപിളർത്തി അതിൽ യീസ്സ്, അസറ്റിക് ആസിഡ്, എന്നിവയും പുളിപ്പിച്ച കള്ളും തൂവി ചെമ്പൻ ചെല്ലിയെ ആകർഷിച്ച് നശിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *