Menu Close

കായീച്ചക്കെണികള്‍ ഏതൊക്കെയാണ്?

നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബാധിക്കുന്ന കീടമാണ് കായീച്ചകൾ. ചെടികൾ നന്നായി വളർന്നു പൂത്ത് കായപിടിക്കാറാകുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരി വർഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തൻ എന്നിവയുടെ പ്രധാന കീടമാണ് കായീച്ച. പെൺപൂക്കളിൽ കായ പിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ട് പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് കായകളെ ശുഷ്കമാക്കുന്നു. മാത്രമല്ല തങ്ങളുടെ മുട്ടകൾ നിക്ഷേപിക്കുകയും ചെയ്യും. ആനിമാലിയ സാമ്രാജ്യത്തിൽ ടെഫ്രിറ്റിഡേ കുടുംബത്തിലെ അംഗമായ കായീച്ചയുടെ ശാസ്ത്രനാമം ബാക്ട്രോസെറ കുക്യുർബിറ്റേ എന്നാണ്. രാസകീടനാശിനികൾ ഉപയോഗിച്ച് നശിപ്പിച്ചുകളയാം. എന്നാൽ ജൈവരീതിയിൽ പരമ്പരാഗതമായി കെണിയൊരുക്കിയാണ് ഇതിനെ ഇല്ലാതാക്കുക.

 1. പഴക്കെണി
  മൈസൂർപ്പൂവൻ എന്നും പാളയംകോടൻ എന്നും അറിയപ്പെടുന്ന പഴമാണ് പഴക്കെണിക്ക് ഉപയോഗിക്കുന്നത്. തൊലി കളയാതെ നാലഞ്ചുകഷണമാക്കിയെടുത്ത പഴത്തിന്റെ മുറിഭാഗത്ത് തരി രൂപത്തിലുള്ള (ഫ്യുഡറാൻ) കീടനാശിനിയിൽ മുക്കിയശേഷം ചിരട്ടകൊണ്ട് ഉറികെട്ടി പടവല, കയ്പ പന്തലിൽ ചെറു കായകൾ തൂങ്ങുന്നയത്രയും മാത്രം താഴ്ത്തിത്തൂക്കിയിടണം. വിഷലിപ്തമായ പഴത്തിന്റെ നീര് ഊറ്റിക്കുടിച്ച് കായീച്ചകൾ ചത്തൊടുങ്ങും. അങ്ങനെ ചെറുകായകൾ നാശത്തിൽ നിന്ന് രക്ഷപ്പെടും.
  2.തുളസി കെണി
  ഒരുപിടി തുളസിയിലകൾ ചതച്ചെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ശർക്കരപ്പൊടി കലർത്തുക. അതിൽ ഒരു നുള്ള് രാസവിഷവസ്തു ചേർത്തതിന് ശേഷം ചിരട്ടകൊണ്ട് ഉറിയുണ്ടാക്കി തൂക്കിയിടുക. കുറച്ച് വെള്ളം ചേർത്താൽ തുളസിയില പെട്ടെന്ന് ഉണങ്ങിപ്പോകില്ല. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കായീച്ചകൾ തുളസിയിലച്ചാറ് കഴിച്ച് നശിക്കും.
 2. മഞ്ഞ കെണി
  പന്തലിനോട് ചേർന്ന് മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് കെട്ടിവെച്ചതിന് ശേഷം അതിൽ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയിടുക. മഞ്ഞനിറം കണ്ട് പൂവാണെന്ന് വിചാരിച്ച് വരുന്ന പ്രാണികൾ ഗ്രീസിലോ ആവണക്കെണ്ണയിലോ പറ്റിപ്പിടിച്ച് നശിച്ചുകൊള്ളും. 4.തേങ്ങാവെള്ള കെണി
  തേങ്ങാവെള്ളം ശേഖരിച്ച് രണ്ടുദിവസം പുളിപ്പിച്ചതിന് ശേഷം അതിൽ രണ്ടുതരി യീസ്റ്റ് ചേർക്കുക. ചിരട്ടക്കെണിയിൽ ചിരട്ടയുടെ പകുതിഭാഗം മാത്രം ഇത് നിറച്ചതിന് ശേഷം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. അതിനുമുകളിൽ ഒരു ചെറിയ കഷ്ണം ഓലക്കണ്ണിയിട്ടുവെക്കുക പ്രാണികൾ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.

5.മീൻകെണി
ഒരു ചിരട്ടക്കെണിയിൽ അല്പം ഉണക്കമിൻ പൊടിച്ചത് ഇട്ട് നനയ്ക്കുക. ഇതിൽ തരി രൂപത്തിലുള്ള വിഷം കലർത്തുക. ഇത് ഒരു പ്ലാസ്റ്റിക് കൂടിൽ ഇറക്കി പന്തലിൽ കെട്ടിയിടുകയോ വെള്ളരിത്തടത്തിൽ വെക്കുകയോ ചെയ്യുക. പ്രാണികൾക്ക് കയറാൻ ചെറിയദ്വാരങ്ങൾ ഇടണം. അതിലൂടെ പ്രാണികൾ കയറി വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.
6.കഞ്ഞിവെള്ളകെണി
ഒരു ചിരട്ടക്കെണിയുടെ പകുതി കഞ്ഞിവെള്ളം നിറച്ച് അതിൽ അല്പം ശർക്കര ചേർത്തിനുശേഷം അതിൽ രണ്ടുതരി യീസ്റ്റും നാലഞ്ചുതരി വിഷവസ്തുക്കളും ചേർക്കുക. അതിനു മുകളിൽ ഒരു ഓലക്കണ്ണി ചീന്തിവെക്കുക. പ്രാണികൾ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലർന്ന വെള്ളം കുടിച്ച് ചാകും.
7.ഫിറമോൺ കെണി
എതിർ ലിംഗത്തിൽപ്പെട്ട ജീവിയെ ആകർഷിച്ച് ഇണചേരാൻ ഒരു ജീവി തന്റെ സ്വന്തം ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകൾ ഇത് കൃത്രിമമായി ഉത്പാദിപ്പിച്ച് കെണിയൊരുക്കി പ്രാണികളെ ആകർഷിച്ച് നശിപ്പിക്കാം. ഇതാണ് കീടനാശിനി തളിക്കാതെ കായീച്ചയെയും പഴയീച്ചയെയും മെരുക്കാനുള്ള മാർഗം

Leave a Reply

Your email address will not be published. Required fields are marked *