Menu Close

എന്താണ് വാം (VAM)

മണ്ണില്‍ സുലഭമായ ഫോസ്ഫറസിനെ ലയിപ്പിച്ച് വിളകള്‍ക്ക് ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്മാണുവളമാണ് വാം (VAM – വെസിക്കുലര്‍ അര്‍ബസ്ക്കുലര്‍ മൈക്കോറൈസ് )

ഉപയോഗം , ഗുണം

ചെടികൾ പെട്ടെന്ന് പിടിച്ചുകിട്ടുന്നതിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും. വാം ഉപയോഗം മിക്ക വിളകളുടെയും ഉല്‍പാദനം 10 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. മരച്ചീനിയുടെ ഉല്‍പാദം 20 ശതമാനത്തോളം കൂട്ടും. വാം ജീവാണുവളമായി ഉപയോഗിച്ചാല്‍ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാം. മരച്ചീനിക്കു പുറമെ പച്ചക്കറി, കുരുമുളക്, ഇഞ്ചി, പൈനാപ്പിള്‍, വാഴ, മാവ്, ജാതി, തുടങ്ങിയ വിളകള്‍ക്കെല്ലാം വാം ഉപയോഗിക്കാം. ഗ്രോബാഗുകള്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണു മിശ്രിതത്തോടൊപ്പം വാം ചേര്‍ത്തുകൊടുക്കാം.

ചെടികള്‍ക്ക് ഉപദ്രവകാരികളായ ചില ശത്രുകുമിളുകള്‍, നിമാവിരകള്‍ എന്നിയ്ക്കെതിരെ പ്രതിരോധ ശേഷി പകര്‍ന്നും വാം വിളകളെ സഹായിക്കുന്നു. മണ്ണില്‍ ജലം പിടിച്ചുനിര്‍ത്തുന്നതോടൊപ്പം ജലത്തിന്റെ ആഗിരണശേഷിയും വര്‍ദ്ധിപ്പിക്കുന്നു. പരിധിവരെ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ചെടികള്‍ക്ക് പകരും. മണ്ണിന്റെ ഘടനയും ഫലപുഷ്ടിയും മെച്ചപ്പെടുത്തും. വെര്‍മി കബോസ്റ്റിനൊപ്പമോ ജൈവവളങ്ങള്‍ക്കൊപ്പമോ കലര്‍ത്തിയും വാം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട അളവ്

ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ചേര്‍ക്കുമ്പോള്‍ മണ്ണ് മിശ്രിതത്തോടൊപ്പം 10 കിലോഗ്രാമിന് 30-50 ഗ്രാം വാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കണം. മണ്ണിനു മുകളില്‍ വാം നേര്‍ത്ത പാളിയായി വിതറിയശേഷം വിത്തു പാകണം. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടണം. വിത്തിടുമ്പോള്‍ ആദ്യം വാം ഇട്ടതിനുശേഷം വിത്തിടുക. മുളച്ചുവരുന്നവേരുകള്‍ വാം കള്‍ച്ചറിലൂടെ കടന്നുപോകുമ്പോള്‍ വേരുകളില്‍ വാം വളരുന്നു. കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ചുഗ്രാം, പച്ചക്കറി വിളകളില്‍ അഞ്ചുഗ്രാം, വാഴയില്‍ 25 ഗ്രാം എന്ന അളവില്‍ വാം ഉപയോഗിക്കാം. പച്ചക്കറി വിത്തുകള്‍ നടുമ്പോള്‍ ചുവടൊന്നിന് അഞ്ചുഗ്രാം മൈക്കോറൈസയും ചേര്‍ത്തുകൊടുക്കാം. മൈക്കോറൈസ നല്‍കി 20 ദിവസത്തിനു ശേഷം മാത്രമെ രാസകുമിള്‍ നാശിനികള്‍ പ്രയോഗിക്കാന്‍ പാടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *