കേരളത്തിലാകെ ചൂട് കൂടിവരുന്നതായാണ് കാണുന്നത്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗസാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40°C വരെയും കോഴിക്കോട് ജില്ലയിൽ 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാവുന്നതാണ്. സാധാരണയെക്കാൾ 3 – 5°C കൂടുതലാണിത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.