പുഞ്ചകൃഷിക്കൊയ്ത്തുമായി ബന്ധപ്പെട്ട് കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക്, കൊയ്ത്തുസമയം എന്നിവയുടെ കാര്യത്തില്‍ ജില്ലാതലത്തില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ആരും പ്രവര്‍ത്തിക്കരുതെന്നും തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക് റോഡുമാര്‍ഗ്ഗം എത്തിക്കാവുന്ന പാടശേഖരങ്ങളില്‍ മണിക്കൂറിന് 2100 രൂപയും ചങ്ങാടത്തില്‍ എത്തിക്കേണ്ട സ്ഥലങ്ങളില്‍ മണിക്കൂറിന് 2200 രൂപയുമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ഒരേക്കര്‍ കൊയ്ത് തീര്‍ക്കേണ്ടതാണെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടും തീരുമാനങ്ങളും കര്‍ശനമായി നടപ്പിലാക്കണം. പാടശേഖരസമിതികളോ കൊയ്ത്തെന്ത്ര ഏജന്‍റുമാരോ നിബന്ധനകള്‍ ലംഘിക്കാന്‍ പാടില്ല. ജില്ലാതലത്തില്‍ കൈക്കൊണ്ട തീരുമാനത്തിനു വിരുദ്ധമായി പാടശേഖരസമിതികള്‍ സ്വന്തംനിലയ്ക്ക് നിരക്ക് തീരുമാനിക്കരുത്. കൊയ്ത്തിനെടുക്കുന്ന സമയത്തില്‍ മുന്‍ തീരുമാനപ്രകാരമുള്ള കൃത്യത ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊയ്ത്തെന്ത്രങ്ങളുടെ നിരക്ക്: നിബന്ധനകള്‍ ലംഘിക്കരുത്: ആലപ്പുഴ ജില്ലാ കളക്ടര്‍
