രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് എക്സിബിഷന്‍ 2024 ഡിസംബര്‍ 20 മുതല്‍ 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ വച്ച് സംഘടിപ്പിക്കുന്നു. കന്നുകാലി-ക്ഷീര കാര്‍ഷിക, ഓമന, മറ്റു മൃഗപരിപാലന മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂതന മൃഗ സംരക്ഷണ പരിപാലന രീതികള്‍ സാധ്യമാക്കുക തുടങ്ങിയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്ര വികസനവും ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്ത ഏറ്റവും വലിയ കോണ്‍ക്ലേവാണ് പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ചും വളര്‍ത്തു മൃഗങ്ങള്‍, പൗള്‍ട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകള്‍, മാറിവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോണ്‍ക്ലേവ്. ഇതിന്‍റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പൗള്‍ട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവയും കോണ്‍ക്ലേവില്‍ നടക്കും.