ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനപട്ടികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി. നിലവിൽ 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത് (32 + 3 ലോഗോ). ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി നമുക്കു ലഭിച്ചത്. വയനാട് ജീരകശാല അരി, ഗന്ധകശാല അരി, വയനാട് റോബസ്റ്റ കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ ശർക്കര, മറയൂർ ശർക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, ആറന്മുള കണ്ണാടി, പാലക്കാടൻ മട്ട, ചേന്ദമംഗലം മുണ്ടുകൾ, കാസർഗോഡ് സാരി, എടയൂർ മുളക്, നിലമ്പൂർ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂർ വെറ്റില, ചെങ്ങലിക്കോടൻ നാടൻ നേന്ത്രന്‍ തുടങ്ങിയവയാണ് ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങൾ.
രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവുമധികം ഉത്പന്നങ്ങള്‍ക്ക് ഭൗമ സൂചികാ പദവി ലഭിച്ച സംസ്ഥാനം കേരളമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള ആട്ടുകൊമ്പ് അമര, തുവര, ആലപ്പുഴ ഓണാട്ടുകരയിലെ എള്ള്, ഇടുക്കി കാന്തല്ലൂര്‍ വട്ടവടയിലെ വെളുത്തുള്ളി, കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി തുടങ്ങി കേരളത്തില്‍ നിന്ന് അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ കാലയളവില്‍ ഭൗമസൂചിക പദവി ലഭിച്ചത്.
സംസ്ഥാനത്ത് ജിഐ ടാഗുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജിഐ ഉത്പന്നങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി സംസ്ഥാന വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് ഒരു വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. GI ഉൽപ്പന്നങ്ങളുടെ ഫോട്ടോ സഹിതമുള്ള വിവരണവും നിർമ്മാതാക്കളുടെ/ വിതരണക്കാരുടെ വിശദാംശങ്ങളും ഈ വെബ്‌സൈറ്റിൽ നിന്നു ലഭിക്കും. വിലാസം: https://www.gikerala.in/
എന്താണ് ഭൗമസൂചിക പദവി?
ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഭൗമസൂചിക പദവി (Geographical Indication – GI) നല്‍കുന്നത്. ഭൂപ്രദേശത്തിന്റെ സവിശേഷത മൂലം ചില വിളകള്‍ക്കുണ്ടാകുന്ന ഗുണം വിലയിരുത്തിയാണ് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം ഭൗമസൂചിക പദവി നല്‍കുന്നത്. മികച്ച ഗുണനിലവാരവും ഉല്‍പന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം. പത്ത് വര്‍ഷത്തേക്കാണ് ഭൗമസൂചിക പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും.