വിളകളിലെ കീടനിയന്ത്രണത്തിന് കഴിവതും ജൈവ കീടനാശിനികൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ജൈവ കീടനാശിനികൾ തയ്യാറാക്കി അന്നു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് ഓരോ ദിവസത്തെയും ആവശ്യത്തിനുള്ളതു മാത്രം തയ്യാറാക്കുക.
പച്ചക്കറി വിളകളിൽ വിവിധതരം ജീവാണുക്കളെ ഉപയോഗിച്ച് കീടരോഗ നിയന്ത്രണം നടത്താവുന്നതാണ്. മിലിമുട്ടകൾ, ശല്ക്കകീടങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ വെർട്ടിസീലിയം എന്ന കുമിളും ഇലതീനി പുഴുക്കൾക്കെതിരെ ബ്യൂവേറിയ എന്ന കുമിളും, ചിതൽ, വേരുതീനി പുഴുക്കൾ, പച്ചത്തുള്ളൻ്റെ ഉപദ്രവം മൂലം പാവലിലും പടവലത്തിലും ഉണ്ടാകുന്ന ഇലകരിച്ചിൽ എന്നിവയ്ക്കെതിരെ മെറ്റാറൈസിയം എന്ന കുമിളും ഉപയോഗിക്കാവുന്നതാണ്. ഇവ 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ചെടികളിൽ തളിച്ചു കൊടുക്കണം. വഴുതന, വെള്ളരി, പയറുവർഗ്ഗ വിളകൾ എന്നിവയിൽ കാണുന്ന തൈചീയൽ, കായ് ചീയൽ, ചീയൽ, ഇലപ്പൊട്ട്, മഞ്ഞളിപ്പ് രോഗങ്ങൾ എന്നിവയ്ക്കെതിരെ സ്യൂഡമോണാസ് ഫ്ളൂറസൻസ്, ട്രൈക്കോഡെർമ തുടങ്ങിയ മിത്ര സൂക്ഷ്‌മാണുക്കൾ വളരെ ഫലപ്രദമാണ്.