ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും വിഷരഹിത മത്സ്യങ്ങളെ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നും എം എൽ എ പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായും ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായുമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മൊത്തം പദ്ധതി വിഹിതത്തിന്റെ 40 ശതമാനമാണ് സബ്സിഡിയായി ലഭിക്കുന്നതെന്നും ഒരു വർഷത്തെ പരിചരണവും സംരക്ഷണവും ഉണ്ടായാൽ നല്ല വിള ലഭിക്കുമെന്നും കർഷകരും ചടങ്ങിൽ അഭിപ്രായപ്പെട്ടു.