ഇന്ത്യ ഇന്നും ഒരു കാര്‍ഷികരാജ്യമാണ്. ഇവിടെ ഏറ്റവും കൂടുതലാളുകൾ ജോലി ചെയ്യുന്നത് കാർഷികമേഖലയിലാണ്. എങ്കിലും, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷികമേഖലയുടെ പങ്ക് കുറവാണ്. എന്താണ് ഇതിനുകാരണം?
ഒരാൾ ഏതെങ്കിലുമൊരു ബിസിനസ് ചെയ്യാൻ തുനിയുന്നു എന്നിരിക്കട്ടെ. അതിലേക്ക് നിക്ഷേപമിറക്കും മുൻപ് അദ്ദേഹം ചിന്തിക്കുന്ന /ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
- ചെയ്യാൻ പോകുന്ന സംരഭത്തെക്കുറിച്ച് പൂർണമായ അറിവ് തനിയ്ക്കുണ്ടോ?
- അതിന്റെ ശക്തി /ദൗർബല്യങ്ങൾ ശരിയായി ചിന്തിച്ചുറപ്പിച്ചിട്ടുണ്ടോ?
- അതേ ബിസിനസ് സമീപപ്രദേശത്ത് ചെയ്യുന്നത് ആരൊക്കെയാണ്? അവരുടെ ഉത്പന്നം/സേവനവുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ സേവനം /ഉത്പന്നത്തിന് എന്ത് മേൽക്കൈയാണുള്ളത്? (ഗുണമേന്മ, വിലക്കുറവ്, മറ്റെന്തെങ്കിലും സവിശേഷതകൾ…).
- പുതിയ സംരംഭം ചെയ്യുമ്പോൾ അതിൽ ഏറ്റവും മോശമായത് സംഭവിച്ചാൽ, അതിന്റെ പ്രത്യാഘാതം നേരിടാൻ താൻ സജ്ജനാണോ?
- സംരംഭത്തിന് എത്ര സ്ഥിരമൂലധനം (Fixed Capital- സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ മുതലായവ ) ആവശ്യമുണ്ട്?
- ഒരു മാസം ബിസിനസ് നടത്താൻ എത്ര പ്രവർത്തനമൂലധനം (working capital) ആവശ്യമുണ്ട്?
- ബിസിനസ് പ്ലാൻ പ്രകാരം ഒരു മാസം എത്ര അസംസ്കൃത വസ്തുക്കൾ, തൊഴിലാളികൾ (നിർമ്മാണം, വിതരണം, വിപണനം മുതലായവ ചെയ്യാൻ ) ആവശ്യമുണ്ട്?
- വായ്പ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ പ്രതിമാസ വരുമാനം മറ്റു ചെലവുകൾക്ക് പുറമേ വായ്പ തിരിച്ചടയ്ക്കാൻ പര്യാപ്തമാണോ?
- തന്റെ സ്വന്തം അധ്വാനം എത്രത്തോളം വേണ്ടിവരും? അതിന് എങ്ങനെ പ്രതിഫലം എടുക്കാനാണ് ഉദ്ദേശ്യം?
- സംരംഭത്തിന്റെ അക്കൗണ്ടിങ് (വരവുചെലവ് വിവരങ്ങൾ രേഖപ്പെടുത്തൽ) എങ്ങനെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
- ആ ഉല്പന്നം വിറ്റഴിക്കാനുള്ള വിപണി ഏതാണ്? (ആരു വാങ്ങും? എവിടെ വില്‍ക്കും?)
ഇങ്ങനെ ഓരോ ചോദ്യത്തിനും വ്യക്തവും സ്പഷ്ടവുമായ ഉത്തരം കണ്ടെത്താൻ സംരംഭകനു കഴിയണം. അതിനു കഴിയുന്നില്ലായെങ്കിൽ അദ്ദേഹം ഒരു സംരംഭ (Venture) മല്ല, സാഹസ (Adventure) മാണ് നടത്താൻ പോകുന്നത് എന്നുറപ്പിക്കാം. പലപ്പോഴും വായ്പ കൊടുക്കുന്ന ബാങ്കുകാരും ഇത്തരം കാതലായ ചോദ്യങ്ങൾ ചോദിച്ചു ആ നവസംരംഭകനെ ബുദ്ധിമുട്ടിക്കില്ല. ഇനി അങ്ങനെ കുറേ ചോദ്യങ്ങൾ ചോദിച്ചാൽ ബാങ്കിന് തനിയ്ക്ക് ലോൺ തരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് നവസംരംഭകൻ കരുതും. അത് പിന്നെ പിണക്കമായി, വഴക്കായി, അപവാദമായി….ഫലമോ, വ്യക്തമായ ആസൂത്രണം കൂടാതെ ബിസിനസ് ചെയ്യും. ഒടുവിൽ വലിയ ഒരു തുക മുടക്കി കുറേ ജീവിത പാഠങ്ങൾ അയാൾ പഠിക്കും.
ബിസിനസ് ചെയ്യാന്‍ ആവശ്യമെന്നു മുകളില്‍പ്പറഞ്ഞ അറിവുകളൊക്കെയും കൃഷിയ്ക്കും ആവശ്യമാണ്. കൃഷിയും ഒരു ബിസിനസ് (Enterprise) ആണ്. അവിടെയും സ്ഥിരമൂലധനം (Fixed Capital) പ്രവർത്തനമൂലധനം (Working Capital) എന്നിവ അനിവാര്യമാണ്.
ഒരു കൃഷിയ്ക്കുവേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോൾ വ്യക്തമായ പ്ലാൻ ഇല്ലെങ്കിൽ, ഒരു നല്ല പ്ലാൻ ഇല്ലാതെ വീട് പണിയാൻ പുറപ്പെട്ടയാളുടെ അവസ്ഥ ആയിരിക്കും ഫലം. ഉദ്ദേശിച്ചതിലേറെ ചെലവ് വരുത്തി, പണിതീരാത്ത ഒരുവീട് പണിയും. പിന്നെ അതിന്റെ അനന്തരഫലങ്ങൾ ജീവിതകാലം അനുഭവിക്കും.
ആയതിനാൽ, എന്തു കൃഷിചെയ്യാൻ ഇറങ്ങിയാലും അതിന്റെ റിസ്കുകളെക്കുറിച്ചും അതിനു വേണ്ടിവരുന്ന മുതൽമുടക്കിനെക്കുറിച്ചും ഏറ്റവും മോശം വില കിട്ടിയാൽ എത്രത്തോളം നഷ്ടമുണ്ടാകാം എന്നതിനെക്കുറിച്ചും ഒരു രൂപരേഖ എഴുതിത്തയ്യാറാക്കുന്നത് വലിയ ഗുണം ചെയ്യും. അതിനു ഫാംഅക്കൗണ്ടിങ് വളരെ അനിവാര്യമാണ്.
ഉദാഹരണത്തിന് അടുത്ത ഓണക്കാലത്തേക്ക് കുലവെട്ടാൻ തക്കവണ്ണം ഏത്തവാഴ ഈ നവംബർ പതിനഞ്ചോടെ വയ്ക്കാൻ തീരുമാനിക്കുകയാണെന്നിരിക്കട്ടെ. 250 വാഴകൾ വയ്ക്കുക എന്നതാണ് ഉദ്ദേശം. ഇതിനുവേണ്ട ഉത്പാദനസാമഗ്രികൾ എന്തൊക്കെയാണെന്നു നോക്കാം. - സ്ഥലം. 250 വാഴ നടാന്‍ മിനിമം 25 സെന്റ് സ്ഥലം ആവശ്യമുണ്ട്. അത് സ്വന്തമായുണ്ടെങ്കിൽ സ്ഥലത്തിനു ചെലവു വരുന്നില്ല. പാട്ടത്തിനാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന പാട്ടത്തുക എസ്റ്റിമേറ്റ് ചെയ്യണം.
- വാഴക്കന്ന്. 250 വാഴക്കന്ന് വാങ്ങി, തോട്ടത്തിൽ എത്തിയ്ക്കുന്നതിനുള്ള ചെലവ് കണക്കാക്കണം. കടത്തുകൂലിയടക്കം കൂട്ടണം.
- കന്നൊരുക്കല്‍. ചെത്തി വൃത്തിയാക്കി ചാണകപ്പാലിൽ മുക്കി ഉണക്കി വയ്ക്കുന്നതിനുള്ള കൂലിച്ചെലവ് കണക്കാക്കണം. സ്വന്തം അധ്വാനം ആണെങ്കിൽപ്പോലും അതിനായി എത്ര മണിക്കൂർ ചിലവഴിച്ചു എന്ന് എഴുതി സൂക്ഷിക്കണം. അങ്ങനെ സ്വന്തം അധ്വാനം എട്ട് മണിക്കൂർ എത്തുമ്പോൾ ഒരാളുടെ പണിക്കൂലി അതിനായി വന്നു എന്ന് കണക്കാക്കണം.
- നിലം ഒരുക്കൽ. സ്ഥലം കാടുചെത്തി, അര മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും 250 കുഴികൾ എടുക്കാൻ ഉള്ള ചെലവ് കണക്കാക്കണം. ജെസിബി ഉപയോഗിച്ചാണെങ്കിൽ അതിന്റെ മണിക്കൂർ കണക്കാക്കി എസ്റ്റിമേറ്റ് ചെയ്യണം.
- അടിസ്ഥാന വളം. (അഴുകിപ്പൊടിഞ്ഞ ചാണകം-10 കിലോ , വേപ്പിൻ പിണ്ണാക്ക് -100 ഗ്രാം കുറഞ്ഞത്, എല്ലുപൊടി -100 ഗ്രാം കുറഞ്ഞത് ) മൊത്തം വില കണക്കാക്കണം.
- നടീല്‍കൂലി. വാഴക്കന്നു കുഴിയിലിറക്കി നടാനുള്ള കൂലി കണക്കാക്കണം. ഒപ്പം, തടത്തിന് ചുറ്റുമായി 10 ഗ്രാം കുറ്റിപ്പയർ വിതയ്ക്കാൻ ഉള്ള ചെലവ് കൂടി കൂട്ടണം. (ഇത് മുളച്ച് 30-35 ദിവസം കഴിയുമ്പോൾ പിഴുത് വളമായി വാഴത്തടത്തിൽ ചേർക്കാനാണ് ).
- മേല്‍വളത്തിന്റെ ചെലവ്. വാഴ നട്ട് 30,60,90,120,150 ദിവസങ്ങളിൽ ചേർക്കേണ്ട മേൽ വളങ്ങളായ NPK വളങ്ങളുടെ അളവും ചെലവും കണക്കാക്കണം.
- പരിപാലനത്തിനുള്ള കൂലിച്ചെലവ്. മേൽവളങ്ങൾ ഇടാനും ജലസേചനത്തിനുമുള്ള ചെലവ് കണക്കാക്കണം. ഫിറ്റിംഗ്സ്, കറണ്ട് ചാർജ് മുതലായവ വേറെയും.
- ഇടവിളക്കൃഷി. ഇടവിളകൾ (ചീര, വള്ളിപ്പയർ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ) ചെയ്യാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ അതിന് വേണ്ടിവരുന്ന വിത്ത്, വളം, കൂലിച്ചെലവ്, വിളവെടുപ്പ് ചെലവ്, കടത്തുകൂലി, വിൽക്കാൻ വേണ്ടിവരുന്ന ചെലവ് എന്നിവയും പ്രത്യേകമായി കണക്കാക്കണം.
- പണകോരല്‍. വയലിലാണ് കൃഷിയെങ്കിൽ ഏരി (പണ) കോരുന്നതിനും പിടിയ്ക്കുന്നതിനും മറ്റും ഉള്ള കൂലിചെലവ് കണക്കാക്കണം.
- കളനിയന്ത്രണം. അതിനുവരാവുന്ന ചെലവ്.
- വാഴ ഇൻഷുർ ചെയ്യേണ്ട ചെലവ്.
- വായ്പാപലിശ. വായ്പ എടുക്കുന്നുവെങ്കിൽ അതിന്റെ ഒരു കൊല്ലത്തേക്കുള്ള പലിശ.
- തോട്ടത്തിന്റെ ശുചിത്വം. യഥാസമയം ഉണങ്ങിയ ഇലകൾ മുറിച്ചുമാറ്റി, വാഴത്തോട്ടം വൃത്തിയായി സൂക്ഷിയ്ക്കുന്നതിനുള്ള ചെലവ്.
- അവസാനത്തെ മേല്‍വളം. കുലച്ചു കഴിഞ്ഞാൽ, കൂമ്പ് ഒടിച്ചു മാറ്റി, അവസാനം മേൽ വളം കൊടുക്കുന്നതിനു വരുന്ന ചെലവ്.
- കീടനിയന്ത്രണം. കീടങ്ങൾ, രോഗങ്ങൾ എന്നിവ വരികയാണെങ്കിൽ അതിനെ നിയന്ത്രിക്കാൻ വേണ്ടി വരുന്ന മരുന്ന്, അത് പ്രയോഗിക്കാനുള്ള കൂലിച്ചെലവ് എന്നിവ എസ്റ്റിമേറ്റ് ചെയ്യണം.
- കുലപരിപാലനം. കുലച്ചു കഴിഞ്ഞാൽ അത് കാറ്റിൽ മറിഞ്ഞു വീഴാതിരിക്കാൻ, താങ്ങ് നൽകേണ്ടതിന്റെ ചെലവ്.
- അധികവളപ്രയോഗം. സൂക്ഷ്മമൂലക വളങ്ങൾ (Micro food, Ayar മുതലായവ) ഉപയോഗിക്കാൻ പ്ലാനുണ്ടെങ്കിൽ അത് എസ്റ്റിമേറ്റ് ചെയ്യണം.
- വിപണിയിലെത്തിക്കാനുള്ള ചെലവ്. ഒടുവിലായി കുലകൾ വെട്ടി, ഒരുക്കി, റോഡിൽ എത്തിച്ചു വിപണിയിൽ എത്തിയ്ക്കാൻ വരുന്ന ചെലവ്.
കുറഞ്ഞത് ഇത്രയും കാര്യങ്ങൾ എസ്റ്റിമേറ്റ് ചെയ്യണം. ഇനി നമ്മുടെ യന്ത്രങ്ങളുടെ തേയ്മാനം (Depreciation) കൂടി കാണിക്കണം. ഒപ്പം സ്വന്തം ഭൂമി ആണെങ്കിൽ അതിന് അടയ്ക്കുന്ന ഭൂനികുതിയും.
ഇത്രയും ചെയ്ത്, മുഴുവൻ ചെലവും കൂട്ടി നോക്കുമ്പോൾ ആ കൃഷിയ്ക്കായി മൊത്തം എത്ര മൂലധനം കരുതി വയ്ക്കണം എന്നു മനസ്സിലാകും. അത് പല സമയത്തായിട്ടാകും വേണ്ടി വരിക. ആയതിനാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ തേടാം. ആവശ്യമുള്ളപ്പോൾ മാത്രം പണം ബാങ്കിൽനിന്ന് എടുത്താൽ മതിയാകും. അങ്ങനെ പലിശ കുറച്ച് നിർത്താൻ സാധിക്കും. വായ്പയുടെ ദുർവിനിയോഗം ഒഴിവാക്കാനും കഴിയും.
ഒരു പുസ്തകത്തിൽ ഇപ്രകാരം ഇനം തിരിച്ചു എസ്റ്റിമേറ്റ് എഴുതി സൂക്ഷിക്കണം.
ഇനി കൃഷി തുടങ്ങിയാൽ ഓരോ തീയതിയ്ക്കും നേരെ അന്ന് കയ്യിൽനിന്ന് ചെലവായ തുക ഇനം തിരിച്ച് എഴുതിസൂക്ഷിക്കണം. ഒരു Ledger system പിന്തുടർന്നാൽ ഓരോ പേജിലും ഓരോ തരം ചെലവുകൾ മാത്രം താഴെത്താഴെ, തീയതി സഹിതം എഴുതി സൂക്ഷിക്കാം. അപ്പോൾ ഓരോ പ്രവൃത്തിയ്ക്കും മാത്രമായി എത്ര ചെലവ് വന്നു എന്ന് കണ്ടെത്താൻ കഴിയും.
വരവും ഇതുപോലെതന്നെ തീയതിസഹിതം ഇനംതിരിച്ച് എഴുതി രേഖപ്പെടുത്തി സൂക്ഷിച്ചാൽ കൃഷിയുടെ വിളവെടുപ്പ് കഴിയുമ്പോൾ ആ കൃഷിയുടെ വരവ് -ചെലവ് കണക്ക് (Income -Expenditure Statement), വിശകലനം ചെയ്ത് അതിന്റെ Benefit -Cost അനുപാതം (BC Ratio ) കണക്കാക്കാം. അന്തിമമായി നമ്മൾ ചിലവഴിച്ച ഓരോ രൂപയും, നമുക്ക് എത്ര ലാഭം /നഷ്ടം ഉണ്ടാക്കി എന്ന് കണക്കാക്കാൻ കഴിയും.
ഉദാഹരണത്തിന്, 250 ഏത്തവാഴ വയ്ച്ചു വിളവെടുക്കാൻ 37500 രൂപ ചെലവായി എന്നിരിക്കട്ടെ. അതിൽ നിന്നുള്ള വരവ് 37500 രൂപ തന്നെ ആണെങ്കിൽ BC Ratio എന്നത് (37500/37500=1) ആണെന്ന് കാണാം. അതായത് ലാഭവുമില്ല നഷ്ടവുമില്ല എന്ന അവസ്ഥ ആണെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് യഥാർത്ഥത്തിൽ നഷ്ടമാണ് എന്ന് കാണാം. കാരണം ആ തുക വെറുതേ ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ 8-8.5% പലിശ നമുക്ക് കിട്ടുമായിരുന്നേനെ.
പക്ഷെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ അതുചെലുത്തിയ സ്വാധീനം നോക്കുകയാണെങ്കിൽ അത് നഷ്ടമല്ല ലാഭമാണ് എന്ന് കാണാം. കാരണം നിങ്ങൾ മൂലം ഏതോ കർഷകന്റെ കന്നിന് വില കിട്ടി, അയാൾക്ക് വരുമാനമുണ്ടായി, കുറേ പേർക്ക് തൊഴിൽ/കൂലി കിട്ടി, വളം -മരുന്ന് കമ്പനികൾക്ക് വരുമാനമുണ്ടായി, അവരുടെ തൊഴിലാളികൾക്ക് പണി കിട്ടി, യന്ത്രനിർമ്മാതാക്കൾക്ക് ഗുണമുണ്ടായി, ബാങ്കുകൾക്ക് ലാഭമുണ്ടായി, സാധനങ്ങൾ കടത്തിയ വകയിൽ നാട്ടിലെ പെട്ടിയാട്ടോക്കാർക്ക് വരുമാനമുണ്ടായി, എന്തിന് കുറെയേറെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കഴിക്കാൻ സാധിച്ചു… അങ്ങനെയങ്ങനെ പോകുന്നു ഇക്കോണമിയിൽ അതുവരുത്തിയ ചലനങ്ങൾ.
അപ്പോൾ, കർഷകന് കൃഷി നഷ്ടമായാൽപ്പോലും സമ്പദ്വ്യവസ്ഥയെ അത് ചലിപ്പിക്കുന്നുണ്ട് എന്നത് പകൽപോലെ വ്യക്തം.
വാൽക്കഷ്ണം :ഇത്തരത്തിൽ കൃത്യമായി എസ്റ്റിമേറ്റ് തയ്യാറാക്കി, വരവുചെലവ് തീയതി സഹിതം എഴുതിസൂക്ഷിച്ചു കൃഷിചെയ്യാൻ കഴിയുമോ?
ഇല്ല, ഇത് ഭാരിച്ച പണിയാണ് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഗൗരവത്തോടെയല്ല കൃഷിയെ സമീപിക്കുന്നത് എന്നാണ് എന്റെ വിലയിരുത്തൽ. Failing to plan, means, you are planning to fail എന്നു സായിപ്പ് പറയും. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, കണക്കെഴുതാന്‍ നിങ്ങള്‍ക്കുദ്ദേശ്യമില്ലെങ്കില്‍, തോല്‍ക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യം.
കർഷകരുമായുള്ള കഴിഞ്ഞ 26 വർഷത്തെ അടുപ്പംകൊണ്ട് പരിചയപ്പെട്ട, കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്ന ചില കർഷകരെ ഞാൻ ഓർക്കുന്നു. ഒന്ന് പാലക്കാട് തച്ചനാട്ടുകാരയിൽ ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട കർഷകൻ വേട്ടെക്കാരൻകളം വി.കെ. അപ്പുക്കുട്ടിമാഷ്, കർഷകോത്തമ പുരസ്കാര ജേതാവും പൊന്നാനി കോലളമ്പിലെ കോലോത്തുമ്പാടം സ്വദേശിയുമായ ശ്രീ. അബ്ദുൾ ലത്തീഫ്, ചാത്തന്നൂർ മണ്ണുവീട് രവി സർ എന്നിവരെയാണ്. വളരെ കൃത്യമായ കണക്കുകൾ ഇവർ എഴുതി സൂക്ഷിയ്ക്കുന്നുണ്ട്. മറ്റുപലരും ഇതൊക്കെ കൃത്യമായി എഴുതി സൂക്ഷിയ്ക്കുന്നുണ്ടാകാം. മേല്‍പ്പറഞ്ഞവരുടെ കണക്കുകൾ ഞാനുമായി പങ്ക് വയ്ക്കുന്നതുകൊണ്ട് പെട്ടെന്നോർമ്മ വന്നു എന്നുമാത്രം.
അപ്പോൾ പറയാൻ ഉദ്ദേശിച്ചത് ഇത്ര മാത്രം. കൃഷിയിൽ നല്ല ആസൂത്രണം (Planning) വേണം. വരവുചെലവ് കണക്കുകൾ കൃത്യമായി എഴുതിസൂക്ഷിച്ച്, ഓരോ പുതിയ സീസണിലും വരുത്തേണ്ട മാറ്റങ്ങൾ കൊണ്ടുവരണം. അനാവശ്യമായ ചെലവുകൾ കുറയ്ക്കണം. ലാഭമില്ലാതെ ഒരു സംരഭവും ഏറെനാൾ മുന്നോട്ടുപോകില്ല. സംരംഭം പക്ഷെ നഷ്ടമാണെങ്കിൽ പോലും അത് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കും എന്നത് മറ്റൊരു കാര്യം. എന്നുംപറഞ്ഞ് സ്ഥിരമായി സമ്പദ്വ്യവസ്ഥയെ ചലിപ്പിച്ച് ഒടുവില്‍ നിങ്ങള്‍ ചലനമറ്റു പോകരുതല്ലോ. നമ്മള്‍ വളരട്ടെ. നാടും വളരട്ടെ. നല്ലതെല്ലാം വളരട്ടെ.