കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിന് ഇനിമുതല്‍ യൂസര്‍ ഐഡി, പാസ്സ്വേർഡ് എന്നിവയ്ക്ക് പുറമേ കര്‍ഷകരുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി കൂടി നല്‍കേണ്ടതാണ്. പോര്‍ട്ടലില്‍ ലഭ്യമായ കര്‍ഷകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടര്‍ ഓതെന്റിക്കേഷന്‍ നടപടികള്‍ ചെയ്തിട്ടുള്ളത്. കര്‍ഷകരുടെ പേര്, വിലാസം, കൃഷി, കൃഷിഭൂമിയുടെ വിവരങ്ങള്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയുടെ ഭാഗമായി കര്‍ഷകര്‍ പോര്‍ട്ടലിലേക്ക് നല്‍കുന്നുണ്ട്. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിന്‍ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. എയിംസ് പോര്‍ട്ടലില്‍ യൂസര്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവ നല്കി ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി ലഭിക്കും. ഒ ടി പി ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോര്‍ട്ടലില്‍ നിന്നും ഒ ടി പി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്വര്‍ക്ക് ബുദ്ധിമുട്ടുകള്‍ കാരണം എസ് എം എസ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഒ ടി പി ലഭിക്കുന്നതിന് സന്ദേശ് (SANDES) മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന് വിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. ഫോൺ – 0471 2303990, 2309122, 2968122.