കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തിൽ നെല്ലോലയുടെ അരികുകളിൽ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതൽ താഴേക്ക് ഇരുവശങ്ങളിൽ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞു പോകുന്നതാണ് രോഗലക്ഷണം. മിക്കപ്പോഴും കൃഷിയിടത്തിന്റെ അരിക് ചേർന്നായിരിക്കും രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുക. ഈ സമയത്ത് 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ രണ്ടാഴ്ചയ്ക്ക് ശേഷം ഒന്നു കൂടി ഇത് ആവർത്തിക്കുക. ബ്ലീച്ചിംഗ് പൗഡർ ഒരേക്കറിന് 2 കിലോ ഗ്രാം എന്ന തോതിൽ തുണിയിൽ ചെറു കിഴികളായി കെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ ഇട്ട് കൊടുക്കുന്നത് വെള്ളത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിന് സഹായകമാണ്. ഇനി വിതയ്ക്കാനുള്ള പാടങ്ങളിൽ രോഗപ്രതിരോധത്തിനായി സ്യൂഡോമോണാസ് ഫ്ളൂറസെൻസ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്താം. സ്യൂഡോമോണാസ് ഒരേക്കറിന് ഒരുകിലോ ഗ്രാം, 20 കിലോഗ്രാം വേപ്പിൻ പിണ്ണാക്കുമായി ചേർത്ത് വിതറി കൊടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. സംയോജിത വളപ്രയോഗ മാർഗ്ഗങ്ങൾ അവലംബിക്കണം. നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കണം. ഒപ്പം രോഗലക്ഷണങ്ങൾ കാണുന്ന പാടങ്ങളിൽ ഓരോ വളപ്രയോഗത്തിനൊപ്പവും ശുപാർശ ചെയ്തതിനേക്കാൾ 20% അധികം പൊട്ടാസ്യം നൽകുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. രോഗവ്യാപനം കൂടുതലാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആന്റിബയോട്ടിക്ക്/ ആന്റിബാക്ടീരിയൽ / കോപ്പർ കലർന്ന പദാർത്ഥങ്ങൾ എന്നിവയിൽ ഏതെങ്കിലും ശുപാർശ ചെയ്യുന്ന അളവിൽ ഇലകളിൽ തളിച്ചു കൊടുക്കാം. കൂടുതലായി ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തിലെ ഫീൽഡ്തല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633815621, 7034342115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.