Menu Close

ഫാം ദിനം – കതിരൊളി 2024

കാർഷിക സർവകലാശാല, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തിയിലെ ഫാം ദിനം-കതിരൊളി 2024 ഡിസംബർ 20, 21 തീയതികളിൽ ആഘോഷിക്കുന്നു. ശനിയാഴ്ച മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പരിപാടി കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി അശോക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. ‘എ.ആർ.എസ് മണ്ണുത്തി- വികസനത്തിന്റെ നാഴിവഴികൾ’ എന്ന ഡോക്യൂമെന്ററിയുടെ പ്രകാശനം ചടങ്ങിൽ മേയർ ശ്രീ.എം.കെ വർഗീസ് നിർവഹിക്കുന്നതാണ്.  

ഫാം ദിനാഘോഷ പരിപാടിയുടെ ഭാഗമായി 2024 ഡിസംബർ 20ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കേന്ദ്രത്തിന്റെ 100 ഏക്കറോളം വരുന്ന കൃഷിയിടങ്ങൾ കർഷകർക്കും പൊതുജനങ്ങൾക്കുമായി സന്ദർശനത്തിന് തുറന്നുകൊടുക്കും. ഇതിലൂടെ സർവകലാശാല നടപ്പാക്കുന്ന നൂതന കാർഷിക സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും പ്രദർശന തോട്ടങ്ങൾ സന്ദർശിക്കാനും സംശയനിവാരണത്തിനുമുള്ള അവസരം കർഷകർക്ക് ലഭിക്കും.

ഫാം ദിനത്തോടനുബന്ധിച്ചു  കൃഷി- അനുബന്ധ മേഖലകളിൽ സെമിനാറുകളും പ്രദർശനവും ജീവനക്കാരുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കാർഷിക സർവകലാശാലയിലെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ് 107 വർഷങ്ങൾ പിന്നിടുന്ന കാർഷിക ഗവേഷണ കേന്ദ്രം,മണ്ണുത്തി. കർഷകരുടെ ഇടയിൽ ഏറെ പ്രചാരമുള്ള മനുരത്ന, മനുവർണ്ണ, ഹ്രസ്വ തുടങ്ങിയ നെല്ലിനങ്ങളും മനുശ്രീ, മനുലക്ഷ്മി, മനുപ്രഭ തുടങ്ങിയ പച്ചക്കറിയിനങ്ങളും കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയതാണ്. കോൾ മേഖലയിലെ നെൽകൃഷിക്ക് അനുയോജ്യമായ കൃഷി രീതികൾ വികസിപ്പിച്ചെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലും കേരളത്തിലെ സമതലങ്ങളിലെ ശീതകാല പച്ചക്കറി കൃഷി രീതികൾ, പച്ചക്കറിവിളകളിൽ ഗ്രാഫ്റ്റിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ചത് മണ്ണുത്തിയിലെ ഈ ഗവേഷണ കേന്ദ്രമാണ്. കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രം, കുടുംബ പവർടില്ലർ കുമ്മായം വിതറുന്ന യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങളുടെ പിന്നിലും ഈ കേന്ദ്രമാണ്. കേരള യന്ത്രവൽക്കരണ മിഷന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവിടെ കാർഷിക യന്ത്രവൽക്കരണത്തിൽ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്.