Menu Close

എക്സോട്ടിക് വളര്‍ത്തുമൃഗങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകള്‍

വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള്‍ നമ്മുടെ വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല്‍ പെരുമ്പാമ്പ് വരെ അതില്‍പ്പെടുന്നു. അതിനു വിപണിയൊരുക്കുവാന്‍ യുവതലമുറയാണ് മുന്നില്‍. അല്പം സ്ഥലവും ജന്തുജാലങ്ങളോടു താല്‍പര്യവുമുള്ളവര്‍ക്ക് അനന്തസാധ്യതയാണുള്ളത്. മോഹവിലയാണ് ഈ വിപണിയെ നയിക്കുന്നത് എന്നതിനാല്‍ ആദായത്തെക്കുറിച്ച് ആശങ്കയേ വേണ്ട.

കൈവെള്ളയില്‍ വന്നിരിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ കുരങ്ങായ മര്‍മോസെറ്റ്, ദിനോസോറുകളുടെ ചെറിയപതിപ്പെന്നു പറയാവുന്ന ഇഗ്വാന, വള പോലെ അണിയാവുന്ന ആഫ്രിക്കന്‍ ബാള്‍ പെരുമ്പാമ്പ്, കൈയില്‍വച്ച് ഓമനിക്കാവുന്ന സഞ്ചിമൃഗമായ ഷുഗര്‍ഗ്ലൈഡര്‍ എന്നിവയൊക്കെ ഇപ്പോള്‍ ജന്തുപരിപാലനത്തില്‍ താല്‍പര്യമുള്ളവരുടെ ഓമനകളായി മാറിക്കഴിഞ്ഞു.

ഇവയില്‍ ഇഗ്വാന എന്ന വര്‍ണശബളമായ ഓന്ത് വളരെ വ്യാപകമായി എന്നുകാണാം. ഇലകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവ പക്ഷേ കാഴ്ചയില്‍ ഭീകരരൂപിയാണ്. ആ കൌതുകമാണ് ഇവയെ വിലപ്പെട്ടതാക്കുന്നത്.

രോമമില്ലാത്ത പൂച്ചയെന്ന പേരില്‍ പ്രസിദ്ധി നേടിയതാണ് സ്ഫിങ്സ് പൂച്ച. രോമത്തിന്റെ ആവരണമില്ലാത്തതിനാല്‍ നല്ല ശ്രദ്ധയോടെയുള്ള പരിചരണം അത്യാവശ്യമാണ്. അതേസമയം, കൈയിലെടുത്ത് ഓമനിക്കാനും കൂടെ കൊണ്ടുനടക്കാനും കഴിയുന്നതിനാല്‍ ആളുകള്‍ പ്രിയങ്കരനാണ് സ്ഫിങ്സ് പൂച്ച.

പണ്ട് വീട്ടുമുറ്റത്ത് ആനയെ നിര്‍ത്തിയിരുന്ന തറവാടുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ന് ഒട്ടകപ്പക്ഷിയെയും എമുവിനെയും വളര്‍ത്തുന്ന വീടുകള്‍. അവയുടെ തലയെടുപ്പ് പ്രതാപമായി പലരും കാണുന്നു.

കനേ‍ഡിയന്‍ അണ്ണാന്‍, ഗിനിപിഗ് എലി, അംഗാറോ മുയല്‍, റോട്ട്‌വീലര്‍ നായ, പിഗ്മി ആട്, ബ്രഹ്മക്കോഴി, മക്കാവു തത്ത, കുട്ടിക്കുതിര തുടങ്ങി വിചിത്രരൂപമുള്ള വിവിധതരം അരുമകള്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്. ആവശ്യക്കാരും അതിനനുസരിച്ച് കൂടുന്നു. വിപണി വലുതാവുകയാണ്. താല്‍പര്യമുള്ളവര്‍ക്ക് ഇറങ്ങാന്‍ പറ്റിയനേരമാണ്.